X

കവളപ്പാറ: 43 കുടുംബങ്ങള്‍ക്കുള്ള മുസ്‌ലിം ലീഗ് ഭൂമി കൈമാറ്റം ഇന്ന്

മലപ്പുറം: പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ വിതരണം ഇന്ന് നിലമ്പൂരില്‍ നടക്കും. വൈകുന്നേരം നാലു മണിക്ക് നിലമ്പൂര്‍ പി.വി ആര്‍ക്കെയ്ഡില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആധാരത്തിന്റെ വിതരണകര്‍മം നിര്‍വഹിക്കും.

മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം വാങ്ങിച്ചു നല്‍കും എന്നാണ് ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നത്. ഇതിനുവേണ്ടി വിലകൊടുത്തും സൗജന്യമായും പോത്തുകല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മൂന്ന് ഏക്കര്‍ ഭൂമി മുസ്‌ലിംലീഗ് വാങ്ങിക്കുകയുണ്ടായി. ഭൂമി നല്‍കുന്നതിനു വേണ്ടി 50 കുടുംബങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ 7 കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ വക ഭൂമി ലഭ്യമായതിനാല്‍ അവരെ ഒഴിവാക്കി ബാക്കി 43 കുടുംബങ്ങള്‍ക്കാണ് ഇന്ന് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ (ആധാരം) കൈമാറുന്നത്. ബാക്കി ഏഴു കുടുംബങ്ങളെ പിന്നീട് തിരഞ്ഞെടുക്കും. 1.10 കോടി രൂപ വിലമതിക്കുന്നതാണ് വിതരണം ചെയ്യുന്ന ഭൂമി.

Chandrika Web: