ഉത്തർപ്രദേശിൽ തങ്ങൾക്കുനേരെ വടി ചുഴറ്റിയെന്നാരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കാവടി തീർഥാടകർ തല്ലിച്ചതച്ചു. നൂറുകണക്കിന് തീർഥാടകരുടെ നടുവിൽവെച്ചാണ് യുവാവിനെ വടിയും മറ്റും ഉപയോഗിച്ച് നിലത്തിട്ട് ക്രൂരമായി മർദിച്ചത്. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് തീർഥാടകരെ പിരിച്ചുവിട്ട് യുവാവിനെ രക്ഷിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ഐ.സി.യുവിൽ കഴിയുകയാണെന്ന് പിതാവ് പറഞ്ഞു.
മുസഫർനഗർ നഗരത്തിൽ ഇന്നലെയാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ യാതൊരു ദയയുമില്ലാതെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചുറ്റുമുള്ളവർ അക്രമികളെ തടയാതെ കാഴ്ചക്കാരായി നോക്കിനിൽക്കുകയും അക്രമം ഫോണിൽ പകർത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
മീനാക്ഷി ചൗക്കിലെ കൻവാർ ക്യാമ്പിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്നയാൾ ഇതിലൂടെ കടന്നുപോകുമ്പോൾ തീർഥാടകർക്ക് നേരെ വടി വീശിയിരുന്നുവത്രെ. തുടർന്ന്, യുവാവിനെ പിന്തുടർന്ന് പിടികൂടി ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവാവിന് പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി മുസാഫർനഗർ എസ്.പി സത്യനാരായണ പ്രജാപതി പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇതേ നഗരത്തിൽ മറ്റൊരു സംഭവത്തിൽ മാമ്പഴത്തോൽ നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കാവടി തീർഥാടകർ സംഘം പെട്രോൾ പമ്പ് ആക്രമിച്ച് തകർക്കുകയും ഒരു ജീവനക്കാരനെ മർദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുസാഫർനഗറിലെ തന്നെ ചപ്പാർ ഗ്രാമത്തിൽ ഒരു കൂട്ടം കാവടി തീർഥാടകർ കാർ നശിപ്പിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.