ന്യൂഡല്‍ഹി: കത്വ കേസില്‍ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ നിയമപരമായി നേരിടുമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജന. സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു എന്നിവര്‍ പറഞ്ഞു.
പത്താന്‍കോട്ട് കോടതി ശിക്ഷിച്ച തിലക് രാജ്, ആനന്ദ് ദത്ത എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതാണ് ഇവര്‍ ചെയ്ത കുറ്റം. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികളും ജയിലിലാണ്. ജാമ്യം കിട്ടിയ രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷമായിരുന്നു ശിക്ഷാ കാലാവധി.
രണ്ടു വര്‍ഷവും ഒമ്പതു മാസവും ശിക്ഷ അനുഭവിച്ചത് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സമാധാനത്തിന് ഭീഷണി ഉണ്ടാകുമെന്ന വാദമുന്നയിച്ച് പ്രോസിക്യൂഷനും പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി ഹാജരായ എം.എസ് ബസ്രയും ജാമ്യാപേക്ഷയെ എതിര്‍ത്തു. നേരത്തെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം എന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ലോക്ഡൗണിനു ശേഷം കോടതി വാദം കേട്ടു തുടങ്ങിയിട്ടില്ല. ഇതിനിടയിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
കേസില്‍ യൂത്ത് ലീഗ് നടത്തിവന്നിരുന്ന ഇടപെടലുകള്‍ ശക്തമായി തുടരുമെന്നും യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനും കേസില്‍ യൂത്ത് ലീഗിനു വേണ്ടി നിയമ പോരാട്ടത്തിന്റെ ഏകോപന ചുമതല വഹിക്കുന്ന അഡ്വ. മുബീന്‍ ഫാറൂഖി, ഇരയുടെ പിതാവിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ നടപടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകും. അന്തിമ നീതി പുലരും വരെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കുടുംബത്തിന് നല്‍കി വരുന്ന ഉറച്ച പിന്തുണ തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.