ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അപ്പീല്‍ ചണ്ഡീഗഡ് കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനായി അപ്പീല്‍ നല്‍കാന്‍ യൂത്ത്‌ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഹരിയാനയിലെത്തി. മുതിര്‍ന്ന അഭിഭാഷകരെ തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാക്കുമെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു.
ഷിബു മീരാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാത്രി മുബീൻ ഫാറൂഖിയുടെ വിളി വന്നയുടനെ തിടുക്കത്തിൽ പുറപ്പെട്ടതാണ് സി കെ സുബൈർ സാഹിബിന്റെയും, അഡ്വ: വി കെ ഫൈസൽ ബാബുവിന്റെയും കൂടെ ഡൽഹിയിലേക്ക്.. ഇവിടെ സൗത്ത് റോഹില്ല റെയിൽവേ സ്റ്റേഷനടുത്ത് ഹരിയാനക്കാരൻ രാജു ഭായ് ഗുപ്തയുടെ ചായക്കടയിൽ ,പുലർച്ചെ രണ്ടര മുതൽ ഇരിപ്പാണു..അഞ്ചരക്ക് പുറപ്പെടുന്ന ഹിമാലയൻ ക്യൂൻ എക്സ്പ്രസ് വരുന്നതും കാത്ത്. ഇന്നു പത്ത് മണിക്ക് ചണ്ഡിഗഡിലെത്തണം…
കത്വ.. പോരാട്ടത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയാണ് ചണ്ഡിഗഡിലെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ.. പ്രതികളുടെ അപ്പീൽ ഇന്നു കോടതി പരിഗണിക്കുന്നു.. പ്രോസിക്യൂഷനു അപ്പീൽ പോകാനുള്ള അനുമതി വച്ച് താമസിപ്പിക്കുകയാണ് കശ്മീരിലെ ഭരണസംവിധാനം.. പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി നാം ഇന്ന് അപ്പീൽ കൊടുക്കും.. അഡ്വ: മുബീൻ ഫാറൂഖി രാവിലെ കോടതിയിലെത്തും…മുതിർന്ന അഭിഭാഷകരെ തന്നെ ഹൈക്കോതിയിലും എത്തിക്കാനാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനം.. പ്രോസിക്യുഷന് അനുമതി വൈകിപ്പിക്കുന്നത് ഗൂഡാലോചനയുടെ ലക്ഷണമാണ്.. അടിയന്തിരമായി പുറപ്പെടുന്നതും അത് കൊണ്ടാണ്..പത്താൻ കോട്ടിലെ വിചാരണക്കോടതിയിൽ കണ്ടതിനേക്കാൾ നാടകീയമായ നീക്കങ്ങൾ പ്രതികൾക്കു വേണ്ടി ഉണ്ടാകുമെന്നുറപ്പ്. കണ്ണിമ ചിമ്മാത്ത ജാഗ്രതയോടെ അവസാനം വരെ നീതിക്കുവേണ്ടി നമ്മളും ഉണ്ടാകും..