X

കത്വ കേസ്: ജൂണ്‍ 15ന് മുമ്പ് വിധി പറയാന്‍ സാധ്യത യൂത്ത് ലീഗ് സംഘം പത്താന്‍ കോട്ടിലെത്തി അഭിഭാഷകരെ കണ്ടു


കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ കത്വ കേസ് ജൂണ്‍ 15ന് മുന്‍പ് വിധി പറയാന്‍ സാധ്യത. പഞ്ചാബിലെ പത്താന്‍ കോട്ട് ജില്ലാ കോടതിയില്‍ കേസിന്റെ അന്തിമവാദം നടന്നുകൊണ്ടിരിക്കുകയാണ്. 144 സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞു. കേസ് നടത്തിപ്പിന് അഭിഭാഷകരെ നിയോഗിച്ച മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രതിനിധി സംഘം പത്താന്‍ കോട്ടിലെത്തി അഭിഭാഷകരെ കണ്ടു.കഴിഞ്ഞ വര്‍ഷമാണ് സുപ്രിം കോടതി തീരുമാനപ്രകാരം കേസ് പഞ്ചാബിലേക്ക് മാറ്റിയത്.
അന്നു തന്നെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഡ്വ: മുബീന്‍ ഫാറൂഖി, അഡ്വ: കെ കെ പുരി എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്നത്തെ കശ്മീര്‍ ഗവര്‍മെണ്ട് നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ചോപ്രയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസല്‍ ബാബു, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കേസില്‍ നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് അഭിഭാഷകര്‍ പങ്കുവെക്കുന്നത്. അതിശക്തമായ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും കോടതിക്കു മുന്നിലെത്തിച്ചിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതിനെയൊക്കെ അതിജീവിക്കാനായിട്ടുണ്ട്.പ്രതികളൊരാള്‍ മൈനര്‍ ആണെന്ന് സ്ഥാപിക്കാനും പ്രതിഭാഗം ശ്രമിച്ചു. കേസില്‍ ഹാജരാകുന്ന സാക്ഷികള്‍ക്ക് നേരെ ഉണ്ടായ ഭീഷണികള്‍ മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം പഞ്ചാബ് ഗവര്‍മെണ്ടിനു മുന്നിലെത്തിച്ചിരുന്നു.
സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പഞ്ചാബ് പൊലീസ് ജാഗ്രത കാണിച്ചിരുന്നു എന്ന് അഭിഭാഷകര്‍ നന്ദിയോടെ പറഞ്ഞു.പ്രതി ഭാഗത്തിന് വേണ്ടി കേസ് നടത്തിപ്പിന് പിന്തുണ കൊടുക്കുന്നത് ബി ജെ പി നേതൃത്വമാണ് എന്ന ആരോപണം ശക്തമാണ്.പ്രതികള്‍ക്കു വേണ്ടി കശ്മീരില്‍ നടന്ന പ്രകടനത്തിന് അന്നത്തെ ബി ജെ പി മന്ത്രിമാരും എം എല്‍ എ മാരും പങ്കെടുത്തിരുന്നു.പത്താന്‍ കോട്ട് കോടതിയില്‍ കേസ് വാദം കേള്‍ക്കുന്ന ജ: തേജ്വീന്ദര്‍ സിംഗിന്റെ ഭാര്യയെ ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ വിവരാവകാശ ഓഫീസറായി നിയമിച്ചതും വിവാദമായിരുന്നു.
കത്വ പെണ്‍കുട്ടിക്ക് നീതി ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് സി കെ സുബൈര്‍ പറഞ്ഞു. ജുഡീഷ്വറി ജനാധിപത്യവിശ്വാസികളുടെ അവസാന അഭയകേന്ദ്രമാണ്.കത്വ കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന ശിക്ഷ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ലഭിക്കുന്ന നീതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

web desk 1: