കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്കും ഇതുവരെ പ്രഖ്യാപിച്ച നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് കട്ടിപ്പാറ യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണ്. എന്നാല്‍, അതുപോലും വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, കട്ടിപ്പാറ യു.ഡി.എഫ് ചെയര്‍മാന്‍ ഒ.കെ.എം കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ അനില്‍ ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞിരുന്നുവെങ്കിലും യോഗം മാറ്റിവെച്ചു. ജില്ലാ കലക്ടറില്‍ നിന്നും ശരിയായ വിവരങ്ങള്‍ കിട്ടുന്നില്ല. എന്തൊക്കെയോ മറച്ചുവെച്ചാണ് സര്‍ക്കാര്‍ സംവിധാനം മുന്നോട്ട് പോകുന്നത്. അതില്‍ ദുരൂഹതയുണ്ട്. വെട്ടി ഒഴിഞ്ഞതോട്ടം എല്‍.പി സ്‌കൂളിലും നസ്രത്ത് യു.പി സ്‌കൂളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പോലും സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നില്ല. പഞ്ചായത്ത് അംഗങ്ങള്‍ കൈയില്‍ നിന്ന് പണമെടുത്താണ് ക്യാമ്പില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലും ഹെല്‍ത്ത് സെന്ററിന്റെ വരാന്തകളിലും കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ അവര്‍ക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ല. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദുരിതം നേരിടുന്നവര്‍ക്ക് സമാശ്വാസം നല്‍കുന്നതിന്റെ ഭാഗമായി ചെക്ക് നല്‍കുന്നത് പതിവാണ്. ഇവിടെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ദുരിതബാധിതരെ സഹായിക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അനുമോദിക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി നേതൃത്വം വ്യഗ്രത കാണിച്ചത്. യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയതാല്‍പര്യമുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് എല്‍.ഡി.എഫ് ആണ്.
കരിഞ്ചോലമലയുടെ ഭാഗത്ത് 20ഓളം കുടുംബങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണ്. ഇവരുടെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല. കട്ടിപ്പാറയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവവും അവഗണനയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം വിവേചനം തുടര്‍ന്നാല്‍ ഇരകളെ മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി.
ദുരന്തനിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ട ഉദ്യോഗസ്ഥ-ജനപ്രതിനിധി-രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കമ്മിറ്റി ഒരിക്കല്‍പോലും ചേരാതിരുന്നത് ദുരൂഹമാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് യോജിച്ച മുന്നേറ്റം നടത്തുന്നതിന് ജില്ലാ കലക്ടര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണം. യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കട്ടിപ്പാറയിലേക്ക് റോഡിന് ഫണ്ട് അനുവദിച്ചുവെന്ന കാരാട്ട് റസാക്ക് എം.എല്‍.എയുടെ പുതിയ അവകാശവാദത്തില്‍ കഴമ്പില്ല. അത്രയും തുക കൊണ്ട് റോഡ് പുനര്‍നിര്‍മിക്കാന്‍ പറ്റില്ല. ജില്ലാ പഞ്ചായത്ത് ഇവിടേക്ക് റോഡിനായി 50 ലക്ഷം രൂപ പാസാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന നജീബ് കാന്തപുരത്തിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രേംജി ജയിംസ്, പഞ്ചായത്ത് യു.ഡി.എഫ് ട്രഷറര്‍ സലിം പുല്ലടി, മുസ്്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി എ.ടി ഹാരിസ്, കട്ടിപ്പാറ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഹിം എന്നിവരും സന്നിഹിതരായിരുന്നു.