X

നിയമപ്രശ്‌നം പരിഹരിച്ചാല്‍ സൗമ്യാവധക്കേസില്‍ ഹാജരാകും: കട്ജു

ന്യൂഡല്‍ഹി: ഭരണഘടന അനുവദിക്കുകയാണെങ്കില്‍ സൗമ്യ വധക്കേസില്‍ താന്‍ ഹാജരാകുമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സുപ്രീംകോടതി മുന്‍ ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാകുന്നതിന് തനിക്ക് ഭരണഘടനമായ വിലക്കുണ്ടെന്നും എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ കോടതിയില്‍ ഹാജരാകാന്‍ സന്നദ്ധമാണെന്നു അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കട്ജു ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെയുള്ള പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെ ഈ വിഷയത്തില്‍ കോടതിയെ വിമര്‍ശിച്ച കട്ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കട്ജുവിന്റെ പ്രതികരണം. ഭരണഘടനയുടെ 124(7) വകുപ്പുപ്രകാരം വിരമിച്ച ജഡ്ജിക്ക് കോടതിയില്‍ ഹാജരാകുന്നതിന് വിലക്കുണ്ട്. തനിക്കു വേണ്ടി ഈ നിയമം ഒഴിവാക്കാന്‍ ജഡ്ജിമാര്‍ തയാറാണെങ്കില്‍ കോടതിയില്‍ ഉറപ്പായും ഹാജരാക്കുമെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Web Desk: