X
    Categories: CultureMoreNewsViews

ബി.ജെ.പിക്ക് കനത്ത തിരിച്ചടി; കഠ്‌വ കേസില്‍ നിര്‍ണായക വഴിത്തിരിവ്

പത്താന്‍കോട്ട്: കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍ കഠ്‌വ കേസില്‍ വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ ഇതുവരെ 54 സാക്ഷികള്‍ കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തി.

പെണ്‍കുട്ടി മരിക്കും മുമ്പ് ക്രൂരമായ പീഡനത്തിനിരയായതായും ശ്വാസം മുട്ടിയാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ.കെ ചോപ്ര അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസിന്റെ വിചാരണ പത്താന്‍ കോട്ട് ജില്ലാ കോടതിയിലാണ് നടക്കുന്നത്. എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുജാരിയടക്കം ഏഴു പേര്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റം കോടതി ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ക്ഷേത്രത്തിലെ പൂജാരി സഞ്ജി റാം അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. റാമിന്റെ മകന്‍, അനന്തിരവന്‍, രണ്ട് പൊലീസുകാര്‍, സുഹൃത്ത് പര്‍വേശ് കുമാര്‍ തുടങ്ങിയവരാണ് പ്രതികള്‍. കഠ്‌വയില്‍ നിന്നും ബക്കര്‍വാള്‍ വിഭാഗക്കാരെ ഓടിക്കുന്നതിനായി സഞ്ജി റാമാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതിനും കൊലക്കും പദ്ധതി തയാറാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനായി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജമ്മുകശ്മീര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, തിലക് രാജ് എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇരുവരേയും സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്.
പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റു മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച തെളിവുകള്‍ സംതൃപ്തമാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. കുറ്റപത്രം പ്രകാരം ജനുവരി 10ന് സഞ്ജി റാം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും നാലു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയും 14ന് കൊലപ്പെടുത്തുകയുമായിരുന്നു. ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കഠ്‌വയിലെ വനത്തില്‍ കണ്ടെത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: