കോഴിക്കോട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം പശുക്കൊലയുടെ പുതിയ രൂപമാണെന്നും, ഇന്ത്യയുടെ ചരിത്രത്തിലെ വലിയ നാണക്കേടാണെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
സംഭവത്തില്‍ പ്രധാനമന്ത്രിയുടേതടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രതികരണം വൈകിയത് തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്നുള്ള ഇത്തരം ഹീനകൃത്യങ്ങള്‍ തുടരുന്നത്് പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. എട്ടു ദിവസത്തോളം ക്ഷേത്രത്തില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയിട്ടും കേസിലെ പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീരിലെ പി.ഡി.പി -ബി.ജെ.പി സര്‍ക്കാരിലെ രണ്ട് മന്ത്രിമാരും അഭിഭാഷകരും നടത്തിയ പ്രകടനം ഭരണകൂടത്തിന്റെ വക്താക്കള്‍ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന വിധം ഇത്തരം ക്രൂരതകള്‍ക്കു കൂട്ടുനില്‍ക്കുന്നതിന്റെ സൂചനയാണ്.
പീഡിപ്പിച്ചു കൊല്ലാന്‍ കാരണമായി പ്രതികള്‍ പറയുന്നത്, ബഖര്‍വാല്‍ മുസ്‌ലിംകള്‍ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണ്.
അനാവശ്യമായ വിഷയങ്ങളില്‍ പോലും പ്രതികരിക്കുന്ന പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ നിരാഹാരമിരിക്കാന്‍ കാണിക്കുന്ന ആവേശത്തിന്റെ ഒരു തരിമ്പു പോലും രാജ്യത്ത് വളര്‍ന്നു വരുന്ന സംഘ്പരിവാര്‍ അക്രമങ്ങള്‍ക്കെതിരെ കാണിക്കുന്നില്ലെന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം പ്രചോദനമായിത്തീരുന്നതിന്റെ സൂചനയാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.