X

കത്വ കേസ്: നിയമ സഹായത്തിന് യൂത്ത് ലീഗ് 25 ലക്ഷം കൈമാറി

 

ന്യൂഡല്‍ഹി: മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച കത്വ -ഉന്നാവോ ഫണ്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കേസ്സുകള്‍ക്ക് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ വസതിയിലാണ് ചര്‍ച്ച നടന്നത്. കത്വ പെണ്‍കുട്ടിയുടെ കേസ് നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന അഡ്വ. ത്വാലിബുമായി നേതാക്കള്‍ വിശദമായി സംസാരിച്ചു.
കുടുംബത്തെ സഹായിക്കാന്‍ മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച തുക ഏറ്റവും ഉചിതമായ രൂപത്തില്‍ ആ കുടുംബത്തിന് വേണ്ടി ചെലവഴിക്കാനും ധാരണയായി. കത്വയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയാണ് നല്‍കുക. കത്വയിലെ പെണ്‍കുട്ടിയുടെ സ്മരണയില്‍ കുടുംബം ആരംഭിക്കാനിരിക്കുന്ന ട്രസ്റ്റിനാണ് പണം നല്‍കുക. ബക്കര്‍വാല സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം കുടുംബാംഗങ്ങളും അഭിഭാഷകരും മുന്നോട്ട് വെച്ചിരുന്നു. നേതാക്കള്‍ ഇതംഗീകരിക്കുകയായിരുന്നു. അതിനു വേണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ച് പദ്ധതി തയാറാക്കാനും മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം തീരുമാനിച്ചു.
കേസിന്റെ ഇതുവരെയുള്ള പുരോഗതി അഡ്വ. ത്വാലിബ് നേതാക്കന്‍മാരുമായി പങ്കുവെച്ചു. പത്താന്‍കോട്ട് അതിവേഗ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഇന്ദിരാ ജയ് സിംഗ്, ദീപിക സിംഗ് രജാവത് എന്നിവരാണ് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ ഹാജരാകുന്ന വക്കീലുമാര്‍ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീഷണി സംബന്ധിച്ച് അദ്ദേഹം നേതാക്കന്‍മാരെ ധരിപ്പിച്ചു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേസിന്റെ അന്തിമ വിജയം വരെ എല്ലാ നിലയിലും മുസ്‌ലിം ലീഗ് കുടുംബത്തോടൊപ്പമുണ്ടെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി.
കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ സേവനം കേസില്‍ ലഭ്യമാക്കാന്‍ അടിയന്തിരമായി ചര്‍ച്ച നടത്തും. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉന്നാവോ പെണ്‍കുട്ടിക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ലക്‌നൗവില്‍ കൈമാറി. കേസ് നടത്തിപ്പിനു വേണ്ടി അഞ്ച് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ ഫണ്ട് കൈമാറി. മുസ്‌ലിം ലീഗ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീന്‍ ഖാന്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും റിലീഫ് സെല്‍ ചെയര്‍മാനുമായ മുഹമ്മദ് ഹലിം, ഉന്നാവോ ജില്ലാ ലീഗ് പ്രസിഡണ്ട് മുഹമ്മദ് അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എം റഹ്ബാര്‍, എം.എസ്.എഫ് കണ്‍വീനര്‍ എം ജാബിര്‍ പങ്കെടുത്തു.
ഉന്നാവോയിലെ പെണ്‍കുട്ടി നമ്മുടെ സഹോദരിയാണ്. അവള്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി ക്രിമിനല്‍ വാഴ്ചയുടെ ഇരയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെയും സഹോദരനെയും രക്ഷിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ സഹായത്തിനും പിന്തുണക്കും പെണ്‍കുട്ടിയും കുടുംബവും നന്ദി പറഞ്ഞു. ഠാക്കൂര്‍ സമുദായാംഗമാണ് താന്‍; കാലങ്ങളായി ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവരാണ് എന്റെ സമുദായമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല. എന്റെ പിതാവിനെ പോലും നഷ്ടമായി. വലിയ പ്രതിസന്ധിയില്‍ കൂടെ നിന്ന മുസ്‌ലിം യൂത്ത് ലീഗിനോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ബംഗാളിലെ അസന്‍സോളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മകന്റെ പേരില്‍ ആരെങ്കിലും കലാപം നടത്തിയാല്‍ താന്‍ ഗ്രാമം വിട്ട് പോകുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തിനാകെ മാതൃകയായ ഇമാം ഇംദാദുദീന്‍ റാഷിദിനും അഞ്ച് ലക്ഷം രൂപ നല്‍കാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. അസന്‍സോളില്‍ റമസാനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുക കൈമാറും.

chandrika: