ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് റാലി നയിച്ച ബി.ജെ.പി മന്ത്രിമാരെ ന്യായീകരിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്തെത്തി. അക്രമാസക്തരായ ജനങ്ങളെ ശാന്തരാക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാര്‍ ജാഥയില്‍ അണിനിരന്നതെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. രണ്ട് മന്ത്രിമാരുടേയും രാജിക്കത്ത് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഒന്നിന് കഠ്‌വയില്‍ വന്‍ ജനക്കൂട്ടം സംഘടിച്ചതറിഞ്ഞാണ് രണ്ട് മന്ത്രിമാരും അവിടെയെത്തിയത്. ജനക്കൂട്ടത്തെ ശാന്തരാക്കാനായിരുന്നു മന്ത്രിമാരുടെ ശ്രമം. എന്നാല്‍ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നു. അവര്‍ പ്രതികളെ സഹായിക്കാനല്ല അവിടെ പോയത്. മന്ത്രിമാരുടെ പേരില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ കളവാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് ഒന്നിന് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടനയാണ് കശ്മീരില്‍ പ്രതികളെ സംരക്ഷിക്കാനായി റാലി നടത്തിയത്. ഈ റാലിയില്‍ കശ്മീരിലെ ബി.ജെ.പി മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗ, ലാല്‍ സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി നേതൃത്വം അവസാനം ഇരുവരോടും രാജി ആവശ്യപ്പെടുകയായിരുന്നു.