X

ലോകത്തിനു മുന്നില്‍ നാണംകെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: കത്വ കൂട്ടമാനഭംഗ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ലോകത്തിനു മുന്നില്‍ ഒരിക്കല്‍കൂടി ഇന്ത്യ നാണംകെട്ടു. എട്ടു വയസ്സുകാരിയോട് കാണിച്ച ക്രൂരത ഇന്ത്യയിലെ മതഭ്രാന്തിന്റെ തെളിവാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജമ്മുകശ്മീരിലെ രസനയിലാണ് മനുഷ്യത്വം മരവിക്കുന്ന സംഭവം അരങ്ങേറിയത്. മേഖലയില്‍നിന്ന് നാടോടികളായ മുസ്്‌ലിംകളെ ആട്ടിപ്പായിക്കുന്നതിനു വേണ്ടിയാണ് ആസിഫ എന്ന എട്ടു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിമര്‍ശനം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടിയല്ല, മതത്തിന്റെ നിറം നോക്കി അവരെ രക്ഷപ്പെടുത്തുന്നതിനു വേണ്ടിയാണ് കത്വയില്‍ ആളുകള്‍ തെരുവില്‍ ഇറങ്ങുന്നതെന്ന്, പൊലീസ് അന്വേഷണത്തിനെതിരെ ബന്ദ് പ്രഖ്യാപിച്ച ബി.ജെ.പി നടപടി പരാമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ജനങ്ങളെ ഹിന്ദു മുസ്്‌ലിം ചേരികളാക്കി ഭിന്നിപ്പിക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണ് കത്വ സംഭവമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ പെണ്‍കുട്ടി ഉന്നയിച്ച ലൈംഗിക പീഡന ആരോപണവും പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലെ മതവൈരത്തിന്റെ തെളിവാണ് കത്വ സംഭവമെന്ന് അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു. മുസ്്‌ലിം പെണ്‍കുട്ടിക്കു നേരെയുള്ള കൂട്ടമാനഭംഗം, പീഡനം, കൊലപാതകം… വ്യത്യസ്ത പ്രതിഷേധങ്ങളാണ് കശ്മീര്‍ കാണുന്നത്.
ആയിരക്കണക്കിന് തീവ്രഹിന്ദുത്വ വലതുപക്ഷ സംഘടനയില്‍ പെട്ടവര്‍ അറസ്റ്റിലായ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തുന്നു. അഭിഭാഷകര്‍ പോലും പ്രതികള്‍ക്കു വേണ്ടി തെരുവിലിറങ്ങുന്നു- അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഹിന്ദു ഭൂരിപക്ഷ ജമ്മുവും മുസ്്‌ലിം ഭൂരിപക്ഷ കശ്മീരും രണ്ടു ധ്രുവങ്ങളിലേക്ക് വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് കത്വ സംഭവമെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യ ടൈംസ് ഉള്‍പ്പെടെയുള്ള പത്രങ്ങളും ഇതേ സ്വരത്തിലാണ് കത്വ സംഭവത്തെക്കുറിച്ച് വാര്‍ത്തകളില്‍ പരാമര്‍ശിക്കുന്നത്.
നേരത്തെ ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥി കൂട്ടമാനഭംഗത്തിനിരയായപ്പോഴും ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് ഗൃഹനാഥനായ അഖ്‌ലാഖിലെ തല്ലിക്കൊന്നപ്പോഴും ഹൈദരാബാദ് ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ജീവനൊടുക്കിയപ്പോഴും സമാനമായ രീതിയില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടിരുന്നു.

chandrika: