ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിര്‍ഭയ ഓടുന്ന വാഹനത്തില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട ശേഷം രാജ്യം മുഴുവന്‍ പ്രതിഷേധാഗ്നി പുകഞ്ഞ മറ്റൊരു സംഭവമായിരുന്നു കത്വയില്‍ എട്ടു വയസുകാരിയുടെ ക്രൂരവും പൈശാചികവുമായ കൊലപാതകം. രാജ്യം ഇന്നോളം കേട്ടിട്ടില്ലാത്ത ക്രൂരതയാണ് കത്വയിലെ എട്ടു വയസുകാരിയോട് എട്ടംഗ സംഘം ചെയ്തത്. രാജ്യത്തിന്റെ കണ്ണീര്‍ തുള്ളിയായി കത്വയിലെ എട്ടുവയസുകാരി മാറിയപ്പോള്‍ അവളെ ഓര്‍ത്ത് ഹൃദയവും മനുഷ്യത്വവുമുള്ളവരെല്ലാം ഒരിറ്റ് കണ്ണീരെങ്കിലും വാര്‍ത്തു എന്നതാണ് സത്യം. അവള്‍ക്ക് നീതി തേടി ജനലക്ഷങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ പ്രതിഷേധത്തിന്റെ അലയൊലി രാജ്യമെങ്ങും മുഴങ്ങുകയും ചെയ്തു.
എട്ടു വയസിനുള്ളില്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ അനുഭവിക്കേണ്ടതിലും വലിയ ക്രൂരതയ്ക്കിരയായി ആ പിഞ്ചു കുഞ്ഞ് അലിഞ്ഞില്ലാതെയായെങ്കിലും മരണാനന്തരമെങ്കിലും ആ കുഞ്ഞിന് നീതി വേണമെന്നത് ഓരോ മനുഷ്യന്റേയും ആവശ്യമായിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനിപ്പുറം കേസില്‍ വിധി പുറത്ത് വരുമ്പോഴും അതി ക്രൂരതക്ക് നേതൃത്വം നല്‍കിയ നരാധമന്‍മാര്‍ക്ക് ഇത് മതിയോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. 2018 ജനുവരി പത്തിനാണ് കത്വയില്‍ എട്ടു വയസുകാരിയെ കാണാതാവുന്നത്. ബകര്‍വാള്‍ വിഭാഗത്തില്‍പെട്ട നാടോടി മുസ്്‌ലിംകളെ പ്രദേശത്ത് നിന്നും ഓടിക്കുന്നതിനായി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയറിയാതെ ഒരു എട്ടുവയസുകാരി വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലയുന്നു. പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത പ്രതികളിലൊരാള്‍, ബലമായി പിടിച്ചു കൊണ്ടു പോകുന്നു. പിന്നീട് ലഹരി നല്‍കി പീഡിപ്പിച്ചു. പിന്നീടു തൊട്ടടുത്ത ചെറുക്ഷേത്രത്തിലെ മുറിക്കുള്ളില്‍ ഒരാഴ്ച തടവില്‍വെച്ചും പീഡിപ്പിച്ചു. ഈ സമയമത്രയും ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിക്കിടത്തി ആ കുട്ടിയോട് പ്രതികള്‍ കാണിച്ച ക്രൂരത മനസാക്ഷി മരവിപ്പിക്കുന്നതാണ്.
മൃതപ്രായയായ പെണ്‍കുട്ടിയെ പിന്നീടു ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ശേഷം മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു. ജനുവരി 12ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഹിരാനഗര്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ജനുവരി 17ന് മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി പ്രദേശത്ത് തെരച്ചില്‍ തുടരുകയായിരുന്നു. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
പ്രാദേശിക പൊലീസിന്റെ അന്വേഷണത്തില്‍ പരാതി ഉയര്‍ന്നതോടെ ജനുവരി 23നു കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. ജമ്മുകശ്മീര്‍ പൊലീസ് ക്രൈംബ്രാഞ്ച് ആരെയും കൂസാതെ നടത്തിയ അന്വേഷണം എടുത്ത് പറയേണ്ടത് തന്നെയാണ്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പോരാട്ടം ചരിത്രം കൂടിയാണ്. പക്ഷേ ജനാധിപത്യ ഇന്ത്യയെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീട് ജമ്മുകശ്മീരില്‍ കണ്ടത്. പ്രതികളെ സഹായിക്കാനായി കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ ജമ്മു കശ്മീര്‍ കോടതിയില്‍ അഭിഭാഷകര്‍ രംഗത്തെത്തിയത് നാണക്കേടായി. പ്രതികള്‍ക്കു വേണ്ടി ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന രണ്ട് പേര്‍ തന്നെ പരസ്യമായി രംഗത്തു വന്നതോടെ കേസിന് രാഷ്ട്രീയ മാനവും കൈവന്നു.
ബകര്‍വാള്‍ വിഭാഗക്കാരെ കത്വയിലെ രസാനയില്‍ നിന്നും ഓടിക്കാനായാണ് ബാലികയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു കൊന്നതെന്നാണു പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദേ്യാഗസ്ഥനുമായ സഞ്ജി റാമാണു മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണു പീഡനം നടന്നത്. റാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍ (15), സുഹൃത്ത് പര്‍വേഷ് കുമാര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍ സുരീന്ദര്‍ കുമാര്‍ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു. ഇതില്‍ സഞ്ജി റാം, പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവരെ പത്താന്‍കോട്ടിലെ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും, മറ്റു മൂന്നു പേരെ അഞ്ചു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചപ്പോള്‍ സഞ്ജി റാമിന്റെ മകനെ തെളിവുകളുടെ ്അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിചാരണയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ പ്രതി ഭാഗത്തിനായി അഭിഭാഷകരുടെ നിര തന്നെ വാദിക്കാനായി എത്തിയപ്പോള്‍ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി രംഗത്തു വരാന്‍ അഭിഭാഷകര്‍ പോലും തയാറായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്ത് ധൈര്യസമേതം ഇതിന് തയാറായെന്നത് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസിന്റെ വാദം പത്താന്‍കോട്ടിലേക്ക് മാറ്റിയപ്പോള്‍ വാദം കേള്‍ക്കാന്‍ ദീപിക സിങ് ഹാജരാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം കേസ് ഇവരില്‍ നിന്നും മാറ്റുകയായിരുന്നു. രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടപ്പം നിലയുറപ്പിച്ച മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതല്‍ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് യൂത്ത് ലീഗ് കേസില്‍ നീതിക്കൊപ്പം നിലകൊണ്ടത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി വിഷയത്തില്‍ അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി. തുടര്‍ന്ന് യൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃത്വത്തില്‍ ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്‍ന്ന് ഉറപ്പാക്കുകയും ചെയ്തു.
കേസില്‍ ഒരു പ്രതിയെ വെറുതെ വിട്ടതിനെതിരെ അടക്കം ഇനിയും ഉന്നത കോടതികളില്‍ നിയമ പോരാട്ടം നടക്കേണ്ടതുണ്ട്. ഈ പോരാട്ടം ഇവിടെ അവസാനിക്കരുത്. ഇത്തരത്തിലുള്ള നരാധമന്‍മാരെ മാതൃകപരമായി ശിക്ഷിക്കുകയും ഇനി ഒരാള്‍ക്കും ഇത്തരമൊരു വിധി ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. കത്വയിലെ പെണ്‍കുട്ടിക്ക് മരണാനന്തരമെങ്കിലും നീതി പുലരേണ്ടതുണ്ട്. അതിനായുള്ള പോരാട്ടത്തില്‍ അവരുടെ കുടുംബത്തിന് ജനാധിപത്യ ഇന്ത്യയുടെ പിന്തുണ കൂടിയേ തീരൂ.
- 6 years ago
chandrika
Categories:
Video Stories
കത്വയില്‍ നീതി പുലരുമ്പോള്‍
Tags: Kathua rapeKathwa
Related Post