കോഴിക്കോട്: ജമ്മുവിലെ കത്വ ഗ്രാമത്തില്‍ നരാധമന്മാരുടെ കൊടുംക്രൂരതക്ക് ഇരയായി ജീവന്‍ നഷ്ടമായ എട്ടു വയസുകാരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ദില്‍ന ഷെറിന്റെ ചിത്രപ്രദര്‍ശനം മൂന്നാം ദിവസത്തിലേക്ക്. കത്വയിലെ പെണ്‍കുട്ടിക്ക് പുറമെ നിര്‍ഭയ അടക്കം ഈ നാട്ടില്‍ ആക്രമിക്കപ്പെടുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് തന്റെ പെയിന്റിങ് പ്രദര്‍ശനമെന്ന് ദില്‍ന എന്ന പ്ലസ്ടുക്കാരി പറഞ്ഞു.
മനുഷ്യമാംസം തിന്നുന്ന കഴുകന്മാര്‍ കത്വയിലെ പെണ്‍കുട്ടിയെ കൊത്തിവലിക്കുന്ന ചിത്രവുമായാണ് പ്രദര്‍ശനം തുടങ്ങുന്നത്. ഓരോ ചിത്രവും പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന ആക്രമണത്തിന്റെ കഥയാണ് പറയുന്നത്. ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നവള്‍, കാമക്കണ്ണുകളാലും ക്യാമറ കണ്ണുകളാലും നിരന്തരം വേട്ടയാടപ്പെടുന്നവള്‍, പെണ്‍ഭ്രൂണഹത്യ, ശൈശവ വിവാഹത്തിന്റെ ദുരന്തങ്ങള്‍ ഇവയെല്ലാം ദില്‍നയുടെ ചിത്രങ്ങളില്‍ തെളിയുന്നു. സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ക്കൊപ്പം പ്രതീക്ഷയും സ്‌നേഹത്തിന്റെ തിളക്കങ്ങളും ചിത്രങ്ങളില്‍ ഇടക്കിടെ വെളിച്ചം പകരുന്നു.
വിജിലന്‍സ് എസ്.പി ഉമാ ബെഹ്്‌റയാണ് കഴിഞ്ഞ ദിവസം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. മഞ്ചേരി പുല്‍പ്പറ്റയിലെ ബസ് ഡ്രൈവര്‍ പുത്തന്‍ പീടിയേക്കല്‍ അബ്ദുല്ലയുടെയും സലീനയുടെയും മകളാണ് ദില്‍ന. പൂക്കൊളത്തൂര്‍ സി.എച്ച്.എം.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദില്‍ന എട്ടാംക്ലാസ് മുതല്‍ വരക്കുന്നുണ്ട്.
13-ാമത്തെ പ്രദര്‍ശനമാണ് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ നടക്കുന്നത്.2017ലെ സ്‌കൂള്‍ കായികമേളയില്‍ ചൈല്‍ഡ് പ്രൊട്ടക്്ഷന്റെ ഒപ്പം കുട്ടികള്‍ക്കൊപ്പം തുടങ്ങിയവയുടെ ലോഗോ രൂപകല്‍പന ചെയ്തത് ദില്‍നയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കലാശ്രേഷ്ഠ പുരസ്‌കാര ജേതാവ് കൂടിയാണ്. പ്രദര്‍ശനം 22ന് സമാപിക്കും.