X

കഠ്‌വ കൂട്ടബലാല്‍സംഗം: ഇരയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കശ്മീരിലെ കത്വയില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പേര് വെളിപ്പെടുത്തിയ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. നിരവധി അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാരാണ് അവകാശം തന്നതെന്ന് ഹൈക്കോടതി മാധ്യങ്ങളോട് ചോദിച്ചു. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് നിയമലംഘനത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് നിരീക്ഷിച്ച കോടതി ന്യൂസ് റൂമുകളില്‍ ബാക്ഗ്രൗണ്ടായിപോലും പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ പേര് പരമാര്‍ശിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഹൈക്കോടതി സ്വമേധയാ നോട്ടീസയക്കുകയായിരുന്നു. ഈമാസം 17 നുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം കുറ്റകരമാണ്. എന്നാല്‍ കത്വ സംഭവം ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് മാധ്യമങ്ങളുടെ വിശദീകരണം.

chandrika: