കൊച്ചി: പി.ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അത്യാവേശത്തിലാണ്. മെയ് 31ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുകയാണ് മണ്ഡലത്തിലെ ജനങ്ങള്‍ ഒന്നാകെ. കെ റെയില്‍ ഉള്‍പെടെയുള്ള സര്‍ക്കാരിന്റെ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ മറുപടി പറയാനുള്ള ഒരു അവസരം കൂടിയാകും ഈ ഉപതിരഞ്ഞെടുപ്പ്. കെ റെയില്‍ കടന്നുപോകുന്ന മണ്ഡലം എന്ന പ്രത്യേകത കൂടി ഈ മണ്ഡലത്തിനുണ്ട്. ജനങ്ങളുടെ കനത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കെ റെയിലിനെതിരെ ഇവിടെ ഉണ്ടായിട്ടുള്ളത്.
മണ്ഡലത്തിന്റെ ഹൃദയത്തില്‍ ഇണങ്ങിച്ചേര്‍ന്ന ജനകീയനായ എം.എല്‍.എ പി.ടി തോമസിന്റെ വിയോഗം ജനങ്ങളില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടു തന്നെ പി ടിയുടെ ഭാര്യ ഉമ തോമസിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് നേതൃത്വം.
ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പെന്ന പ്രത്യേകത കൂടിയുണ്ട്. അവശ്യ സാധനങ്ങളുടെ വില വര്‍ധനയും എല്ലാ മേഖലയിലുമുള്ള തികഞ്ഞ അഴിമതിയും എല്‍.ഡി.എഫിനെ പേടിപ്പെടുത്തുന്നതോടൊപ്പം പാര്‍ട്ടിക്കുള്ളിലെ തൊഴുത്തില്‍ കുത്തും തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് എല്‍.ഡി.എഫ് നേതൃത്വം.
മണ്ഡല രൂപീകരണത്തിന് ശേഷം യുഡിഎഫിനെ മാത്രം വിജയിപ്പിച്ച പാരമ്പര്യമാണ് തൃക്കാക്കരക്കുള്ളത്.