കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ കുറ്റപത്രം. കേസില്‍ 25-ാം പ്രതിയായ ജയരാജനെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങി 15ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.ബി.ഐ ചുമത്തിയിരിക്കുന്നത്.
കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ പി. ജയരാജന്‍ ശ്രമിച്ചു. ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയത്. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സി.ബി.ഐ പറയുന്നു.
2014സെപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെടുന്നത്. കിഴക്കെ കതിരൂരില്‍ നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞ ശേഷം വണ്ടിയില്‍ നിന്ന് വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ടി.ഐ മധുസൂദനന്‍ എന്നിവരടക്കം 25 സി.പി.എം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. കേസില്‍ റിമാന്‍ഡിലായിരുന്ന ജയരാജന് മാര്‍ച്ച് 24-നാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.