അതിരപ്പിളളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവെച്ചു. ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായാണു ദൗത്യം ആരംഭിച്ചത്. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണു ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വെടിവച്ചത്. കുങ്കിയാന നില്‍ക്കുന്ന സ്ഥലത്തേക്ക് കൊമ്പനെ എത്തിക്കാനാണു ശ്രമം. കൊമ്പനൊപ്പം മറ്റൊരു ആനയുള്ളതു ദൗത്യത്തിനു വെല്ലുവിളിയാണ്.
മയക്കുവെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു. ആനയെ ലൊക്കേറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ശേഷം കൂട്ടിലിട്ട് ചികിത്സ നല്‍കാനാണ് തീരുമാനം. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ ആനയെ കോടനാട് ആന പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശം. മൂന്ന് കുങ്കിയാനകളെ ഇതിനകം അതിരപ്പിള്ളിയില്‍ എത്തിച്ചു. കോന്നി സുരേന്ദ്രന്‍, വിക്രം, കുഞ്ചി എന്ന് മൂന്ന് കുങ്കിയാനകളെയാണ് അതിരപ്പള്ളിയില്‍ എത്തിച്ചത്.
ജനുവരിയിലാണ് മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം നില മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ അരുണ്‍ സക്കറിയ സൂചിപ്പിച്ചിരുന്നു.