X

കാട്ടാക്കട തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കും

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി കേരള സര്‍വകലാശാല. ക്രിമിനല്‍ കേസ് എടുക്കാനാണ് പരാതി നല്‍കുക. ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. പദവിയില്‍ നിന്ന് നീക്കിയില്ലെങ്കില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും അധ്യാപകനെ മാറ്റി നിര്‍ത്തും.

ഇലക്ഷന്‍ മാറ്റിവെച്ചതിലുണ്ടായ നഷ്ടം ഈടാക്കാനും നടപടിയുണ്ടാകും. കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയുടെ പേര് മാറ്റി എസ്.എഫ്.ഐ നേതാവായ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് കേരളസര്‍വകലാശാലയ്ക്കും നാണക്കേട് ഉണ്ടാക്കിയിരുന്നു. ഈ വിഷയത്തില്‍ കെ.എസ്.യു ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ കേസ് എടുത്തിട്ടില്ല.

പ്രിന്‍സിപ്പലിന് ഗുരുതരമായ തെറ്റ് ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് സര്‍വകലാശാല വിലയിരുത്തല്‍. എസ്.എഫ്.ഐ നേതാവ് വിശാഖും പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവും പ്രഥമദൃഷ്യട്യാ കുറ്റക്കാരനാണെന്നാണ് സര്‍വകലാശാല കണക്ക് കൂട്ടുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

webdesk13: