X

കശ്മീരില്‍ നിരോധനാജ്ഞ ശ്രീനഗറില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സാര്‍ അഹമ്മദ് ഭട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതിനു പിന്നാലെ കശ്മീര്‍ മേഖലയിലുണ്ടായ സംഘര്‍ഷം തടയുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
നൊവാത്ത, റൈനാവാരി, ഖന്യാര്‍, എം.ആര്‍ ഗഞ്ച്, സഫ കദല്‍, ക്രാല്‍ക്കുണ്ട്, മൈസുമ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശ്രീനഗര്‍ നഗരത്തില്‍ വാഹന ഗതാഗതത്തിന് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പരിക്കേറ്റവരില്‍ 28 പേര്‍ പ്രതിഷേധക്കാരും 12 പേര്‍ സുരക്ഷാ സൈനികരുമാണ്. ഇവരെ നഗരത്തിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
ജന്‍ഡര്‍ബാള്‍, ബഡ്ഗാം, ബന്ദിപോറ, കുപ്‌വാര, ഉത്തര കശ്മീര്‍, ദക്ഷിണ കശ്മീര്‍, അനന്ത്‌നാഗ്, കുല്‍ഗാം, പുല്‍വാമ, ഷോപിയാന്‍ ജില്ലകളില്‍ സി. ആര്‍. പി.സി 144 അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. സബ്‌സാര്‍ ഭട്ടിന്റെയും കൂട്ടാളി ഫൈസാന്റെയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ദക്ഷിണ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറു കണക്കിന് ആളുകളാണ് സിമോഹ് വില്ലേജിലേക്ക് എത്തിയത്. ജനപ്രവാഹം നിയന്ത്രിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ശനിയാഴ്ച തന്നെ അധികൃതര്‍ റദ്ദ് ചെയ്തിരുന്നു. പ്രീപെയ്ഡ് സിമ്മുകളില്‍നിന്നുള്ള ഔട്ട്‌ഗോയിങ് സൗകര്യവും റദ്ദാക്കിയിട്ടുണ്ട്.
ബാരാമുള്ളക്കും ബന്നിഹാലിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് (ജുഡീഷ്യല്‍) പരീക്ഷ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സബ്‌സാര്‍ അഹമ്മദ് വധത്തില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ ഇന്നലെയും ഇന്നും വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. മെയ് 30ന് ശ്രീനഗര്‍ പട്ടണത്തില്‍ കൂറ്റന്‍ പ്രകടനത്തിനും വിഘടന വാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

chandrika: