ശ്രീനഗര്‍: അപകടത്തില്‍ പെട്ട ഇന്ത്യന്‍ സൈനികന് രക്ഷികരായി കശ്മീരി യുവാക്കള്‍. അപകടത്തില്‍പ്പെട്ട് തകര്‍ന്ന സൈനിക വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ സൈനികനെ രക്ഷപ്പെടുത്തിയാണ് കശ്മീരിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ മനുഷ്യത്വം പുറത്തറിയിച്ചത്. കശ്മീരില്‍ ജനങ്ങളും സൈന്യവും നാളുകളായി തുടരുന്ന ഏറ്റുമുട്ടല്‍ സാഹചര്യത്തില്‍ കശ്മീരി യുവാക്കളുടെ രക്ഷാപ്രവര്‍ത്തന വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് ലഭിക്കുന്നത്.
കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്ന കഴിഞ്ഞ ദിവസമാണ് ശ്രീനഗറിലെ ലസ്ജാന്‍ ഭാഗത്ത് സൈനികര്‍ സഞ്ചരിച്ച ട്രക്ക് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട സൈനികവാഹനം മരത്തിലിടിക്കുകയായിരുന്നെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പൂര്‍ണ്ണമായും തകര്‍ന്ന വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ പെടുകയായിരുന്നു. കുടുങ്ങിപ്പോയ സൈനികനെ പുറത്തെത്തിക്കാന്‍ കൂടെയുള്ള മറ്റ് സൈനികര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പിന്നീട് സമീപത്തു കൂടി കടന്ന് പോവുകയായിരുന്ന യുവാവ് സംഭവം കാണുകയും തുടര്‍ന്ന് മറ്റു കശ്മീരി യുവാക്കളെ അറിയിച്ച് പരുക്കേറ്റ സൈനിക ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. നിരവധിപേര്‍ അതുവഴി കടന്നു പോയിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ ആരും തയ്യാറായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ അതുവഴി കടന്നുപോയവര്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യുവാക്കളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും മാസങ്ങളായി തുടരുന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. ഏറ്റുമുട്ടലില്‍ 84 പേര്‍ക്കാണ് ഇത് വരെ ജീവന്‍ നഷ്ടമായത്. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു.