X

വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന കശ്മീര്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണം : എം.എസ്.എഫ് ദേശീയ കമ്മിറ്റി

വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഫ്യൂ നിലവില്‍ വന്ന ആഗസ്റ്റ് 5ന് ശേഷം ഒരിക്കല്‍ മാത്രമാണ് വീട്ടുകാരുമായി സംസാരിക്കാനായതെന്നും അവരില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാണെന്നും ഡല്‍ഹിയിലും അലീഗറിലും ഹൈദരാബാദിലും ബാംഗ്ലൂരിലും തൃശ്ശൂരിലും മറ്റ് വിവിധ സ്ഥലങ്ങളിലും പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുമായി പങ്ക് വെച്ചു. ഹോസ്റ്റല്‍ ഫീ, എക്‌സാമിനേഷന്‍ ഫീ, ഭക്ഷണം തുടങ്ങി വിദ്യാര്‍ത്ഥകള്‍ക്കാവശ്യമായ യാതൊന്നിനും പണമില്ലാതെ വിവിധ സര്‍വ്വകലാശാലകളില്‍ കശ്മീരികള്‍ ബുദ്ധിമുട്ടുകയാണ്. ജമ്മു ആന്റ് കാശ്മീര്‍ ബാങ്ക്, എസ് ബി ഐ, പി എന്‍ ബി തുടങ്ങിയ ബാങ്കുകളില്‍ അക്കൗണ്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല. പലരുടെയും അക്കൗണ്ടില്‍ രക്ഷിതാക്കള്‍ നല്‍കുന്ന പണം തീര്‍ന്ന് പോയതിനാല്‍ ജീവിതം തന്നെ പ്രയാസത്തിലായിരിക്കുകയാണ്. സഹ വിദ്യാര്‍ത്ഥികളുടെ സഹായത്താലാണ് പലരും നിലവില്‍ കഴിഞ്ഞ് വരുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ എടുത്ത് കളയുന്നതിന്റെ മറവില്‍ കാശ്മീരില്‍ അരങ്ങേറുന്നത് തുല്യതയില്ലാത്ത മനുഷ്യാവകാശ-ജനാധിപത്യ ലംഘനമാണ.് അതേസമയം കശ്മീരിന് പുറത്ത്് പഠിക്കുന്ന വിദ്യാര്‍ത്ഥികളും കര്‍ഫ്യൂവിന്റെ പരിണിത ഫലങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് തയ്യാറാകണമെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തികച്ചും ഭരണഘടനാ വിരുദ്ധമായി കശ്മീരിന്റെ വായ മൂടി കെട്ടി അടിച്ചേല്‍പ്പിച്ച തീരുമാനം നടപ്പിലാക്കാനും അതിനെതിരെ ശബ്ദമുയരാതിരിക്കാന്‍ വേണ്ടിയും മോദി ഭരണകൂടം ചെയ്ത് കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഊറ്റം കൊള്ളുന്ന നമുക്ക് നീതീകരിക്കാവുന്നതല്ല. കാശ്മീരിന് പുറം ലോകവുമായി ബന്ധം നിഷേധിച്ചും രാഷ്ട്രീയ നേതാക്കളെ തുറുങ്കിലടച്ചും രക്ത രൂക്ഷിത യാഥാര്‍ത്ഥ്യം പുറത്തെത്താതിരിക്കാന്‍ ദേശീയ മാധ്യമങ്ങളുടെ വായ മൂടി കെട്ടിയും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ ചെയ്തികളില്‍ ഏറ്റവും അവസാനത്തേതാണ് ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറുടെ വെല്ലുവിളി സ്വീകരിച്ച് കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തടഞ്ഞത്.

21 നാള്‍ പിന്നിടുന്ന കര്‍ഫ്യൂ താഴ്വരയെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്ത് കൊണ്ടിരിക്കുകയാണ് . കശ്മീരില്‍ നിന്നും വരുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. കശ്മീരിന് പുറത്തുള്ള കശ്മീരികളുടെ, വിശിഷ്യാ കര്‍ഫ്യൂ കാരണം പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും മെഡിക്കല്‍, ബാങ്കിംഗ് സംവിധാനങ്ങളൊന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല ഏത് നിമിഷവും എന്തും സംഭവിക്കാമെന്നത് കൊണ്ട് ഭയം തിന്നാണ് ഓരോ ദിനവും തള്ളി നീക്കുന്നതെന്നും കാശ്മീരിലുള്ള തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതായി വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപെടുത്തുന്നു. ക്യാമ്പസിനകത്ത് തങ്ങള്‍ സുരക്ഷിതരാണെങ്കിലും ക്യാമ്പസിന് പുറത്തുള്ള സുഹൃത്തുക്കള്‍ പൊതുജനത്തില്‍ നിന്നും അപമാനവും പരിഹാസവും ഭീക്ഷണിയും നേരിടേണ്ട അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നും ഡല്‍ഹിയിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കശ്മീരിനകത്തും പുറത്തും തങ്ങളുടെ ജീവിതം സുരക്ഷിതമല്ലെന്ന ആശങ്ക വിദ്യാര്‍ത്ഥികള്‍ പങ്ക് വെക്കുമ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ജനാധിപത്യ മൂല്യങ്ങള്‍ക്കായി പോരാടേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും കടമയാണ്. പത്ത് പേര്‍ക്ക് ഒരാളെന്ന തോതില്‍ സൈനിക വിന്യാസം നടത്തി താഴ്വരയെ തുറന്ന ജയിലാക്കി മാറ്റിയ മോദി സര്‍ക്കാറിന്റെ നടപടിക്കെതിരെ ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും കൂടുതല്‍ ശബ്ദമുയരേണ്ടത് അനിവാര്യതയാണ്. മോദി ഭരണകൂടം കാശ്മീരില്‍ നടത്തുന്ന എല്ലാ വിധ ജനാധിപത്യ-മനുഷ്യവകാശ വിരുദ്ധ ചെയ്തികളേയും എം എസ് എഫ് ദേശീയ നേതൃത്വം ശക്തമായി അപലപിക്കുകയും കാശ്മീരിലെ കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ ഇടപാടുകളും സുതാര്യമാക്കാനും കാശ്മീരിനകത്തും പുറത്തുമുള്ള കാശ്മീരികളുടെ ജീവന്‍ സുരക്ഷിതാമാക്കാനും താഴ്വരയില്‍ എത്രയും പെട്ടെന്ന് സമാധാനം തിരികെ കൊണ്ട് വരാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

web desk 1: