ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോംപോറിലുണ്ടായ വെടിവെപ്പില്‍ രണ്ടുവയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഡാംഗര്‍പുരയില്‍ സാധാരണക്കാര്‍ക്കു നേരെയാണ് സായുധരുടെ വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് റിപ്പോര്‍ട്ട്.
കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധസൂചകമായി കട തുറക്കരുതെന്ന് ഭീകരവാദികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ ഈ മുന്നറിയിപ്പ് ലംഘിച്ചതാണ് ഭീകരവാദികളുടെ വെടിവെപ്പിന് കാരണമായതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.