X

സാമ്പത്തിക മാന്ദ്യം; ജയ്റ്റ്‌ലിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അരുണ്‍ ജയ്റ്റ്‌ലി ധനകാര്യ മന്ത്രി ആയിരിക്കെ കൈക്കൊണ്ട തെറ്റായ നടപടികളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് സ്വാമി കുറ്റപ്പെടുത്തി. ദേശ സുരക്ഷ, രാഷ്ട്രനിര്‍മാണം എന്നിവ പോലെ തുല്യ പ്രധാന്യം സാമ്പത്തിക രംഗത്തിനുമുണ്ട്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്ക് ഉയര്‍ത്തിയതും മാന്ദ്യത്തിന് കാരണമായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തിയ ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ തുടരുന്ന നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യനില വഷളായി ഡല്‍ഹി എയിംസില്‍ കഴിയവരെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷമായ വിമര്‍ശനമെന്നതും എടുത്തുപറയേണ്ടതാണ്.

പൂനെയില്‍ ഒരു പരിപാടിക്ക് എത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യന്‍ സാമ്പത്തിക രംഗം ഇത്രമേല്‍ തകരാന്‍ കാരണം ജെയ്റ്റ്‌ലിയുടെ കാലത്ത് സ്വീകരിച്ച നടപടികളാണ്. ആ നയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതില്‍ മാറ്റം വരുത്തണം. എന്നാല്‍ മാത്രമേ സാമ്പത്തിക ഭദ്രതയുണ്ടാകൂ എന്നും രാജ്യസഭാ എംപിയായ സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

chandrika: