X

കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിത്തുടങ്ങി. ഇളവ് വരുത്തിയെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ, അഞ്ച് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുര്‍, റെയ്‌സി ജില്ലകളിലാണ് ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്.

ക്രമസമാധാന സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതെന്ന് ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ശ്രീനഗറിന്റെ ചില ഭാഗങ്ങളില്‍ ലാന്റ് ലൈന്‍ ടെലിഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. അഞ്ചു ജില്ലകളില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളും ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് നല്‍കിത്തുടങ്ങി. അഞ്ച് ജില്ലകളില്‍ 2ജി സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ എത്തുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളിലും അയവ് വരുത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ സൈനിക വിന്യാസം അതേപടി തുടരുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. റോഡുകളിലും പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ നീക്കില്ല. സുരക്ഷാ പരിശോധനകളിലും അയവു വരുത്തിയിട്ടില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായി നിഷേധിക്കാത്ത തരത്തില്‍ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും ഭരണകൂടം അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും. ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ തുടരും. സിവിലിയന്‍ മേഖലകളില്‍ ചില ഷോപ്പുകള്‍ ഇന്നലെ കാലത്തു മുതല്‍ തുറന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം പ്രധാന വാണിജ്യ കേന്ദ്രങ്ങളും പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ളവയും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
നൂറിലധികം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് ജമ്മുകശ്മീരില്‍ നിലവിലുള്ളത്. ഇതില്‍ 17 എണ്ണത്തിന്റെ പ്രവര്‍ത്തനം മാത്രമാണ് പുനരാരംഭിച്ചിരിക്കുന്നത്. മറ്റുള്ളവയുടെ പ്രവര്‍ത്തനം ഇപ്പോഴും നിലച്ചുതന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

chandrika: