X
    Categories: NewsViews

കശ്മീര്‍: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് കേന്ദ്ര എതിര്‍പ്പ് തള്ളി സുപ്രീം കോടതി

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാപദവി നീക്കംചെയ്തത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.
പ്രത്യേക ഭരണഘടന പദവി രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ ഇല്ലാതാക്കിയത് ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ എട്ട് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. വിഷയം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കോടതിയില്‍ നിന്നുണ്ടാകുന്ന ഓരോ ചെറിയ പരാമര്‍ശവും രാജ്യാന്തര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കപ്പെടുമെന്ന് വാദിച്ച എ.ജി കെ.കെ വേണുഗോപാല്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്തു.
എന്നാല്‍ ഇത് വകവെയ്ക്കാതെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി ഓക്ടോബറില്‍ വാദം ആരംഭിക്കുമെന്ന് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുന്നത് അതിര്‍ത്തിക്കപ്പുറത്ത് പോലും അലയൊലി ഉണ്ടാക്കുമെന്നും കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് പരാമര്‍ശവും യു.എന്‍ മുമ്പാകെ പോലും അവതരിപ്പിക്കുമെന്നും കേന്ദ്രം വാദിച്ചു. ഇരു വിഭാഗത്തിന്റേയും വാദ പ്രതിവാദങ്ങള്‍ കേട്ട കോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതായും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. എന്തു ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കരുതല്‍ തടങ്കലിലുള്ള സിപിഎം നേതാവ് യുസുഫ് താരിഗാമിയെ കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി, സീതാറാം യെച്ചൂരിക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു. രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് പോകാനും പൗരന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് യൂസുഫ് തരിഗാമിയെ കാണാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോടതി അനുമതി നല്‍കിയത്.
കരുതല്‍ തടങ്കലിലുള്ള നേതാക്കളെ ബന്ധുക്കള്‍ക്ക് മാത്രമേ കാണാന്‍ അനുമതി നല്‍കാവൂ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. പക്ഷെ യാത്രയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അനന്ത്‌നാഗിലെ മാതാപിതാക്കളെ കാണാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ജാമിഅ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി നല്‍കിയ ഹര്‍ജിയിലും കോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചു. മാധ്യമ സ്വാതന്ത്രം ഹനിക്കുന്നുവെന്ന കശ്മീര്‍ ടൈംസിന്റെ ഹര്‍ജിയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം നോട്ടീസിന്‍മേല്‍ മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

web desk 1: