X

കശ്മീര്‍ വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കും


ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനെതിരായ ഹര്‍ജി, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി എന്നിവയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്.

രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ ആര്‍ട്ടിക്ള്‍ 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും, നിയമസഭയുടെ അനുമതി ഇല്ലാതെയുള്ള നടപടിക്ക് സാധുത ഇല്ലെന്നും അഭിഭാഷകനായ എം.എല്‍ ശര്‍മ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ചത്.

ഇന്റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിലും ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് അനുരാധാ ബാസിന്റെ ഹര്‍ജി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

web desk 1: