X

കാശ്മീരികളോട് വേണ്ടത് ഇങ്ങനെയോ ?

നിങ്ങള്‍ ഞങ്ങളുടെ പട്ടാളക്കാരെ ആക്രമിക്കുമോ. വെറുതെ വിടില്ല’. കഴിഞ്ഞദിവസം രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ കശ്മീരില്‍ നിന്നുള്ള പത്തോളം പേരെ ഒരുസംഘം അക്രമികള്‍ മര്‍ദിച്ചവശരാക്കിയത് ഇങ്ങനെ പറഞ്ഞായിരുന്നു. സംഭവത്തില്‍ ആറു യുവാക്കളെ പരിക്കുകളോടെ ചിറ്റോര്‍ഗഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഭരണ കക്ഷിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു സംഭവം അരങ്ങേറിയത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പറയാനാവില്ലെങ്കിലും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല എന്നത് വലിയ ആശങ്കയുളവാക്കുന്നു. സംഭവമറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ല എന്നതും ഞെട്ടലുളവാക്കുന്നതാണ്. പൊലീസ് സ്റ്റേഷനില്‍വെച്ച് വാദികള്‍ക്കുനേരെ തട്ടിക്കയറാനാണ് പൊലീസ് ശ്രമിച്ചതെന്ന വിവരവുമുണ്ട്.

ജമ്മു-കശ്മീര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നാഴികക്ക് നാല്‍പതുവട്ടം അതാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ് കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നതെന്നത് കൗതുകകരംതന്നെ. കശ്മീരികള്‍ എല്ലാപൗരന്മാരെ പോലെയാണെന്നും മുഖ്യമന്ത്രിമാര്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കേന്ദ്രആഭ്യന്തര വകുപ്പു മന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞത് ശുഭോദര്‍ക്കമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാമുണ്ടെന്നത് മറക്കരുത്. കശ്മീരിലെ ബഡ്ഗാം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.ആര്‍.പി.എഫ് ജവാന്മാരും സിവിലിയന്മാരുമായുണ്ടായ ഏറ്റുമുട്ടല്‍ ഏറെ ചര്‍ച്ചാവിധേയമായിരുന്നു. അതിനിടെയാണ് ഏപ്രില്‍ ഒന്‍പതിന് പട്ടാള വാഹനത്തില്‍ ഒരു കശ്മീരി യുവാവിനെ പിടിച്ചുകെട്ടി മനുഷ്യ കവചമാക്കിയ ഹീന സംഭവവും നടന്നത്. ഇരുപത്താറുകാരനായ ഫാറൂഖ് ധറിനെയാണ് സൈന്യം ഇങ്ങനെ അക്രമികള്‍ക്കെതിരായ കവചമാക്കിയത്. മുന്‍മുഖ്യമന്ത്രി ഉമര്‍അബ്ദുല്ലയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലും തെലുങ്കാനയിലും കശ്മീരി യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ കശ്മീരികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്.
ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് അതിന്റേതായ നിരവധി പ്രാദേശികമായ പ്രത്യേകതകളുണ്ടെങ്കിലും എല്ലാറ്റിനുമുപരി ആ സംസ്ഥാനം നിലകൊള്ളുന്നത് പാക്കിസ്താന്‍ അതിര്‍ത്തിയിലാണ് എന്നതാണ്. 1.25 കോടി ജനസംഖ്യയില്‍ 68.31 ശതമാനം മുസ്‌ലിംകളും (85.67 ലക്ഷം). പാക്കിസ്താനില്‍ നിന്നുള്ള വൈകാരികവും സായുധവുമായ പിന്തുണ പലപ്പോഴും ഈ കൊച്ചുസംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം എല്ലായ്‌പോഴും നമ്മുടെ പട്ടാളത്തിന്റെയും അതിര്‍ത്തി രക്ഷാസേനയുടെയും കേന്ദ്ര റിസര്‍വ് പൊലീസിന്റെയുമൊക്കെ സൈ്വര്യം കെടുത്തുന്നു. പാക് യുവാക്കളില്‍ പാക്കിസ്താനനുകൂലവും ഇന്ത്യക്കെതിരുമായ വികാരം കുത്തിവെപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതും അവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നതും സുവിദിതമാണ്. എന്നാല്‍ സ്വന്തം പൗരന്മാരെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിന് പകരം അവരെ ശത്രുക്കളായി കരുതുന്നത് ഏത് ദേശ സ്‌നേഹത്തിന്റെ പേരിലാണ്. അവിടുത്തെ വളരെ ചെറിയ ശതമാനം പേര്‍ മാത്രമാണ് അക്രമികളെന്നത് മറക്കരുത്. മുസ്‌ലിംകള്‍ക്കെതിരെ പല സംസ്ഥാനങ്ങളിലും നടന്നുവരുന്ന കൊള്ളയും കൊലയും രാജ്യത്തെക്കുറിച്ചുള്ള ആശങ്കയുയര്‍ത്തുന്നു. ഇന്ത്യക്കകത്തുതന്നെ ഇന്ത്യക്കാര്‍ക്ക് രക്ഷയില്ലാതെ വരിക എന്നത് അതിശയകരമായകാര്യമാണ്. അടുത്തിടെയാണ് ഒരു ബി.ജെ.പി നേതാവ് തെക്കേ ഇന്ത്യക്കാര്‍ കറുത്തവരായിട്ടും ഞങ്ങള്‍ സഹിക്കുന്നുണ്ടല്ലോ എന്ന വംശീയ വിദ്വേഷ പ്രസ്താവന നടത്തിയത്. അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നാം അതിശക്തമായി എതിര്‍ത്തുവരുന്ന സമയമാണിതെന്നോര്‍ക്കണം. കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലേക്കും പഠിക്കാനായി കശ്മീരില്‍ നിന്നുള്ള യുവാക്കളെത്തുന്നത് അവിടെ അതിനുതക്ക സംവിധാനങ്ങളും സൗകര്യങ്ങളുമില്ലാത്തതിനാലാവുമല്ലോ. ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും അധികമായി ഇന്ത്യയിലേക്ക് പഠനത്തിനായി എത്തുന്നുണ്ട്. ആഫ്രിക്കക്കാര്‍ക്കെതിരെ അവരുടെ നിറത്തിന്റെ പേരില്‍ വംശീയ വെറിയും അക്രമവും പ്രകടിപ്പിച്ച സംഭവങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്.
കശ്മീരില്‍ അടുത്തിടെയായി നടന്നുവരുന്ന സിവിലിയന്മാരുടെ നേര്‍ക്കുള്ള അര്‍ധ സൈനികരുടെ ആക്രമണവും തിരിച്ചുള്ള കല്ലേറും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹിസ്ബുല്‍ നേതാവായ 21കാരന്‍ ബുര്‍ഹാന്‍വാനി സൈനികരാല്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ആരംഭിച്ച തെരുവു യുദ്ധമാണ് ഇപ്പോഴും തുടരുന്നത്. ജനങ്ങളുടെ നേര്‍ക്ക് ആയുധവുമായി ചെല്ലുന്ന പട്ടാളക്കാര്‍ക്കുനേരെ മരണ ഭയമില്ലാതെ കല്ലെറിയുന്ന കശ്മീരി യുവാക്കളുടെ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനം സന്ദര്‍ശിച്ച ബി.ജെ.പി നേതാവ് യശ്വന്ത്‌സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം വിഘടിത തീവ്രവാദ ഗ്രൂപ്പുകളുമായി കേന്ദ്രം ചര്‍ച്ച നടത്തണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ഇത് ഇതുവരെയും നടപ്പിലായിട്ടില്ലെന്നു മാത്രമല്ല, അക്രമം തുടരുകയും ചെയ്യുന്നു. അക്രമികള്‍ക്ക് പാക്കിസ്താന്‍ വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന വിവരവുമുണ്ട്. പട്ടാളക്കാരായാലും ജീവന്‍ ത്യജിച്ച് രാജ്യം കാക്കാന്‍ ചെല്ലുന്നവര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ദേശ സ്‌നേഹികളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടുള്ളതല്ല. എന്നാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പകരം സൈന്യത്തെ ഉപയോഗിക്കുന്നതുകൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അനുഭവങ്ങളാണ് കാണാറുള്ളത്. കശ്മീരിന്റെ കാര്യത്തില്‍ ചരിത്രം നല്‍കുന്ന പാഠവും അതുതന്നെ. കശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ആണയിടുന്ന മോദി സര്‍ക്കാരിന് ഇത്തരം സംഭവങ്ങള്‍ കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്താനു വടി നല്‍കുകയാവും ഇത്തരം ഹീനകൃത്യങ്ങളിലൂടെ നമുക്കുണ്ടാവുക. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് ആണയിടുന്നവര്‍ രാഷ്ട്ര ശരീരത്തില്‍ രക്തം പോലെ അലിഞ്ഞുകിടക്കുന്ന പതിനാലു ശതമാനത്തെ തള്ളിമാറ്റി അത് സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ തികഞ്ഞ മൗഢ്യമല്ലാതെന്താണ് ?

chandrika: