X

കാശ്മീരിലെ സര്‍ക്കാര്‍ പ്രതിസന്ധി: മന്‍മോഹന്‍സിങിന്റെ വസതിയില്‍ യോഗം ചേരുന്നു

ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാര്‍ വീണതോടെ ഗവര്‍ണര്‍ ഭരണം വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി കോണ്‍ഗ്രസ്സും സജീവമായി രംഗത്ത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ കരണ്‍സിങ്, ഗുലാം നബി ആസാദ്, ചി.ചിദംബരം, അംബിക സോണി, ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം.

പി.ഡി.പിയുമായുള്ള ബി.ജെ.പി സര്‍ക്കാര്‍ സഖ്യം താഴെവീണ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കം. നേരത്തെ, പി.ഡി.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്‍വലിഞ്ഞതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെക്കുകയായിരുന്നു.

87 സീറ്റുകളാണ് കാശ്മീര്‍ നിയമസഭയിലുള്ളത്. 44 പേരുടെ പിന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും. എന്നാല്‍ കോണ്‍ഗ്രസ്സിന് 12 സീറ്റുകള്‍ മാത്രമാണുള്ളത്. 28 സീറ്റുള്ള പി.ഡി.പിയേയും സി.പി.ഐയേയും മറ്റ് നാലുപേരേയും കൂടി ചേര്‍ത്ത്‌സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. സി.പി.ഐക്ക് ഒരു സീറ്റ് മാത്രമാണുള്ളത്. ബി.ജെ.പിക്ക് 25 സീറ്റുകളുണ്ട്.

chandrika: