X
    Categories: Culture

ലഷ്‌കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്‌ബോള്‍ താരം മാജിദ് ഖാന്‍ മടങ്ങിയെത്തി

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്‌ബോളര്‍ മാജിദ് ഖാന്‍, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പ്രാദേശിക ഫുട്‌ബോള്‍ ടീമില്‍ ഗോള്‍കീപ്പറായ മാജിദ് ഖാന്‍ ലഷ്‌കറില്‍ ചേര്‍ന്നത്. തോക്കേന്തി നില്‍ക്കുന്ന മാജിദിന്റെ ചിത്രം പുറത്തുവന്നതിനെ തുടര്‍ന്ന് 20-കാരന്റെ ഉമ്മ കണ്ണീരോടെ നടത്തിയ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീവ്രവാദ മാര്‍ഗം ഉപേക്ഷിച്ച് മടങ്ങിയെത്താന്‍ മാജിദ് ഖാന്‍ തീരുമാനിച്ചത്.

സ്വമേധയാ ലഷ്‌കര്‍ വിട്ടു പോന്ന മാജിദ് ഖാനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. മാജിദിനെതിരെ കേസെടുക്കില്ലെന്നും അക്രമത്തിന്റെ മാര്‍ഗത്തിലുള്ള യുവാക്കള്‍, ഈ ഫുട്‌ബോള്‍ താരത്തിന്റെ മാതൃക പിന്‍പറ്റണമെന്നും മേജര്‍ ജനറല്‍ ബി.എസ് രാജു പറഞ്ഞു. പഠനവും ഫുട്‌ബോളും തുടരാനാണ് താരത്തിന്റെ തീരുമാനം.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പ്രാദേശിക ടീമിലെ ഗോള്‍കീപ്പറായ മാജിദ് ഖാന്‍, സുഹൃത്തിന്റെ മരണത്തില്‍ ഏറെ അസ്വസ്ഥനായിരുന്നു. സൈന്യത്തോട് പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് താരം ലഷ്‌കറില്‍ ചേര്‍ന്നത്. മാതാപിതാക്കളുടെ ഏക മകനും പ്രദേശത്ത് പ്രസിദ്ധനുമായ മാജിദ് ലഷ്‌കറിനൊപ്പം ചേര്‍ന്നത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സുഹൃത്തുക്കളടക്കം നിരവധി പേര്‍, തീവ്രവാദം വിട്ട് മടങ്ങിയെത്താന്‍ താരത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പൊതുജനങ്ങളുടെ താല്‍പര്യം മാനിച്ച് മാജിദിനെ മാതാപിതാക്കളെ സേവിക്കാന്‍ ലഷ്‌കര്‍ വിടുകയാണ് ചെയ്തതെന്ന് ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുനീര്‍ ഖാന്‍ പറഞ്ഞു.

സൈന്യവുമായുള്ള ഒരു ഏറ്റുമുട്ടലില്‍ മാജിദ് ഖാന്‍ അകപ്പെട്ടു എന്ന വാര്‍ത്തകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതാവ് ഇര്‍ഷാദ് അഹ്മദ് ഖാന് ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടായിരുന്നു. ഈ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടു. മൂന്നു പേരെ സൈന്യം പിടികൂടുകയും ചെയ്തു. മകന്‍ മടങ്ങി വരുമെന്നാണ് കരുതുന്നതെന്നും തന്റെ അടുത്ത സുഹൃത്തു കൂടിയാണ് മാജിദ് എന്നും അഹ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: