X
    Categories: indiaNews

ആമസോണില്‍ ഓര്‍ഡര്‍ ചെയ്താല്‍, സാധനങ്ങള്‍ എത്തും കുതിരപ്പുറത്ത്!; യുവാവിന്റെ വിഡിയോ വൈറല്‍

ശ്രീനഗര്‍: കശ്മീര്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. കനത്ത മഞ്ഞു വീഴ്ചയാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളിലും. അതിനിടെ കശ്മീരില്‍ നിന്നുള്ള ഒരു യുവാവിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ആമസോണ്‍ ഡെലിവറി ബോയ് ആയ 22 കാരന്‍ ഷിറാസ് അലി ഖാന്‍ എന്ന യുവാവിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ബൈക്കില്‍ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലത്ത് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിക്കാനായി കുതിരപ്പുറത്ത് കയറിയാണ് യുവാവ് വരുന്നത്. ആളുകള്‍ക്ക് വളരെ അത്യാവശ്യം വേണ്ട സാധനങ്ങളായാണ് യുവാവ് ഇങ്ങനെ എത്തിക്കാന്‍ തീരുമാനിച്ചത്.

മെഡിക്കല്‍ ഉപകരണങ്ങള്‍, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം, പഠന സാമഗ്രികള്‍ എന്നിവയുടെ വിതരണത്തിനാണ് കുതിരയെ ഉപയോഗപ്പെടുത്തിയതെന്ന് ഷിറാസ് വ്യക്തമാക്കി. മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഇരു ചക്ര വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാനാണ് കുതിരയെ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ചെറുപ്പത്തില്‍ തന്നെ കുതിര സവാരി ഇഷ്ടമായിരുന്നുവെന്നും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ കുതിരയെ സ്വന്തമായി വാങ്ങിയതെന്നും ഷിറാസ് വ്യക്തമാക്കി. ബൈക്കില്‍ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഷിറാസ് സൂപ്പര്‍വൈസറുടെ അനുവാദം വാങ്ങി ഡെലിവറി കുതിരപ്പുറത്താക്കാന്‍ തീരുമാനിച്ചത്. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി കൂടിയാണ് ഷിറാസ്.

 

Test User: