X

കശ്മീര്‍ ആണവയുദ്ധ മേഖല; പ്രകോപനവുമായി പാക് സേനാമേധാവി

ഇസ്്‌ലാമാബാദ്: കശ്മീര്‍ അണ്വായുധ പോരാട്ടത്തിന്റെ സാധ്യതാ മേഖലയാണെന്ന പ്രകോപന പരാമര്‍ശവുമായി പാക് സൈനിക മേധാവി. അണ്വായുധ ഉപയോഗം സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശം ലോകം പരിശോധിക്കണമെന്നും പാകിസ്താന്‍ ഐ.എസ്.പി.ആര്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചന നല്‍കുന്നതാണ് പാക് സൈനിക മേധാവിയുടെ പ്രതികരണം. അണ്വായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ ഭാവിയില്‍ മാറ്റം വന്നേക്കാമെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് പാക് സൈനിക മേധാവിയുടെ വിവാദ പ്രസ്താവന.
കശ്മീരിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു തരത്തിലുള്ള കടന്നു കയറ്റത്തേയും നേരിടാന്‍ പാകിസ്താന്‍ ഒരുക്കമാണെന്നും ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. കശ്മീര്‍ തര്‍ക്കം ദീര്‍ഘമായ പോരാട്ടത്തിന് വഴി തുറന്നേക്കാം. വിദേശകാര്യ മന്ത്രി അജിത് ദോവലിന്റെ സിദ്ധാന്തങ്ങള്‍ക്ക് ചുറ്റും ഉഴലുകയാണ് ഇന്ത്യയുടെ വിദേശ നയങ്ങളെന്നും ആസിഫ് ഗഫൂര്‍ ആരോപിച്ചു. ആണവ പരീക്ഷണ വേദിയായ പൊഖ്‌റാനില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അണ്വായുധ പരാമര്‍ശം. അണ്വായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് നിറവേറ്റാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണെന്നും എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇക്കാര്യത്തില്‍ ഭാവിയില്‍ മാറ്റം വരില്ലെന്ന് പറയാനാവില്ലെന്നുമായിരുന്നു രാജ്‌നാഥിന്റെ പരാമര്‍ശം.

chandrika: