ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ വച്ച് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പുറമേനിന്നുള്ള ശക്തികളെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഭീകരര്‍ നുഴഞ്ഞുകയറുന്നുണ്ട്. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കലാണ് അവരുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും ഇടപെടാന്‍ തുടങ്ങിയിരിക്കുന്നു മെഹബൂബ പറഞ്ഞു.
തിങ്കളാഴ്ച അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം മതസൗഹാര്‍ദം തകര്‍ക്കുന്നതിനുവേണ്ടിയാണെന്നും മെഹബൂബ പറഞ്ഞു. ജമ്മു കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയാിരുന്നു മുഖ്യമന്ത്രി. കശ്മീരില്‍ ക്രമസമാധാനത്തിനായല്ല ഞങ്ങള്‍ പോരാടുന്നത്. രാജ്യം മുഴുവനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നിന്നാലും ഈ പോരാട്ടത്തില്‍ നമ്മുക്ക് ജയിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.
പ്രതിസന്ധി സമയത്ത് ഒപ്പം നിന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് മെഹബൂബ നന്ദി പറഞ്ഞു. രാജ്യം മതസൗഹാര്‍ദത്തോടെ മുന്നോട്ടുപോവുകയാണ്. അവിടെ കലാപം സൃഷ്ടിക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അതിന്റെ ഉദ്ദാഹരണമാണ് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒപ്പം നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മെഹബൂബ നന്ദിയും അറിയിച്ചു.