X

കാസര്‍ഗോഡ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവും പിതാവും അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പുല്ലൂരില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. ചട്ടഞ്ചാല്‍ സ്വദേശിനി റംസീന(27)യാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവ് ഷുക്കൂര്‍, പിതാവ് അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം പതിനാറിനാണ് റംസീനയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാര്‍ ആരോപിച്ചു. പണവും സ്വര്‍ണ്ണവും ചോദിച്ച് നിരന്തരം പീഡനം മകള്‍ക്ക് ഏള്‍ക്കേണ്ടി വന്നിരുന്നു എന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഷുക്കൂറിന്റെ സഹോദരിമാരും മകളെ പീഡിപ്പിച്ചിരുന്നുവെന്നും ഇവരെയും ചോദ്യം ചെയ്യണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

2014-ല്‍ ആയിരുന്നു റംസീനയും ഷുക്കൂറും തമ്മിലുള്ള വിവാഹം. രണ്ടു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു. ഇതിനു പുറമേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായാണ് വീട്ടുകാര്‍ പറയുന്നത്. ഇതിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു.

വീട്ടില്‍ത്തന്നെ കഴിയാമെന്ന് കുടുംബം പറഞ്ഞിരുന്നുവെങ്കിലും ഇത് മറികടന്ന് റംസീന ഭര്‍ത്താവിന്റെ വീട്ടില്‍ത്തന്നെ തുടരുകയായിരുന്നു. ഇതിനിടെയാണ് ജീവനൊടുക്കിയത്. ചട്ടഞ്ചാല്‍ സ്വദേശികളായ മുഹമ്മദ് കുഞ്ഞിയുടെയും റസിയയുടെയും മകളാണ് റംസീന. ഖജ് ഫാത്തിമ(4), സമാസ്(2) എന്നിവര്‍ മക്കളാണ്.

chandrika: