കാസർകോട്: ഏഴു പേർ മരിക്കാനിടയായ പാണത്തൂർ ബസ് അപകടത്തിന് കാരണം യന്ത്രതകരാറല്ലെന്ന് ആർ.ടി.ഒയുടെ പ്രാഥമിക നിഗമനം. നിലവിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുള്ള ബസിന് മറ്റു കുഴപ്പങ്ങളൊന്നുമില്ല. ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്‌നങ്ങളോ ഇല്ലെന്നും കാസർകോട് ആർ.ടി.ഒ രാധാകൃഷ്ണൻ പറഞ്ഞു.
ഡ്രൈവറുടെ അശ്രദ്ധയും പരിചയകുറവും കൂടുതൽ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും ആർ.ടി.ഒ പറഞ്ഞു.
കർണാടക-കേരള അതിർത്തി പ്രദേശമായ പാണത്തൂർ പരിയാരത്തിനടത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കർണാകട സ്വദേശികളായ ഏഴു പേരാണ് മരണപ്പെട്ടത്. അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കർണാടക പുത്തൂരിൽ നിന്ന് കരിക്കെയിലേക്ക് വിഹാത്തിന് പങ്കെടുക്കാൻ പോവുകയായിരുന്നു. കേരള അതിർത്തിയിൽവച്ച് അപകടത്തിൽ പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം പോയ ബസ് റോഡരികിലെ കമ്മ്യൂണിറ്റി ഹാളിൽ ഇടിച്ച ശേഷം ആൾ താമസമില്ലാത്ത വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ കറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി കാസർകോട് കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.