കാസര്‍കോട് മേല്‍പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു. ആദൂര്‍ സ്വദേശിയായ ഉസ്മാനെയാണ് റിമാഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ശാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമയെ ഈ മാസം എട്ടാം തീയതിയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായിരുന്നു സഫ. സ്‌കൂളിലെ അധ്യാപകനായ ഉസ്മാനുമായി സാമൂഹ്യ മാധ്യമം വഴി ചാറ്റ് ചെയ്യുന്ന വിവരം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഉസ്മാന്‍ ഒളിവില്‍ പോയി. പിന്നിട് ഫോണ്‍ ട്രാക്ക് ചെയ്ത് മുംബൈയില്‍ നിന്ന് ഉസ്മാനെ മേല്‍പ്പറമ്പ് പൊലീസ് പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പോക്‌സോ, ആത്മഹത്യപ്രേരണ, ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.