കാഞ്ഞങ്ങാട്: കാസര്‍ഗോഡ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഫഹദിനെ(9) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന് ജീവപര്യന്തം. IPC 341,302 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പ്രതി കല്യോട്ട് കണ്ണോത്ത് വിജയകുമാറിനാണ് കാസര്‍കോഡ് അഡീഷണല്‍ സെഷന്‍ കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്.
അമ്പലത്തറയിലെ ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് അബ്ബാസിന്റെ മകനായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഫഹദ്. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിജയന്‍, ഫഹദിനെ അരുംകൊല ചെയ്തത് മറ്റൊരു മതത്തില്‍ പിറന്നുവെന്ന കുറ്റത്തിനാണ്. 2015 ജൂലൈ ഒമ്പതിനാണ് സംഭവം. രാവിലെ കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി സമീപമെത്തിയത്. കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റുകുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം വിജയന്‍ കൈയില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് പിറകില്‍നിന്നും വെട്ടുകയായിരുന്നു. വെട്ടില്‍ കുട്ടിയുടെ പുറം ഭാഗം പിളര്‍ന്നുപോയി. സംഭവ സ്ഥലത്ത് ഫഹദ് ചോരവാര്‍ന്ന് മരിക്കുകയായിരുന്നു.
പിന്നീട് പ്രതി വിജയന്‍ മനോരോഗിയെന്ന് വരുത്തിതീര്‍ത്ത് രക്ഷിക്കാന്‍ ആര്‍.എസ്.എസ്- ബി.ജെ.പി നേതൃത്വം ശ്രമിച്ചിരുന്നു. ഇതിനെ ന്യായീകരിക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നു. ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല. വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചിരുന്നത്. തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷാവിധി വരുന്നത്. കേസില്‍ 60 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ ഫഹദിന്റെ സഹോദരി ഉള്‍പ്പെടെ 32 പേരെയാണ് കോടതി വിസ്തരിച്ചത്.