X
    Categories: CultureNewsViews

കാസര്‍കോട് സി.പി.എം അക്രമം തുടരുന്നു; കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിട്ടു

പെരിയ: സി.പി.എം ഇരട്ടക്കൊല നടന്ന പെരിയയില്‍ പക കെട്ടടങ്ങിയില്ല. അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രിയടക്കം സി.പി.എം നേതാക്കള്‍ വാതോരാതെ പ്രസ്താവിക്കുന്നതിനിടയിലും അക്രമം കൈവിടാത്ത നിലയാണ്. ഇന്നലെ പുലര്‍ച്ചെ് ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്റെ വീട് കത്തിക്കാനുള്ള ശ്രമംനടന്നു. രണ്ടു ബൈക്കുകളിലായി എത്തിയവര്‍ വീടിന്റെ വാതില്‍ പടിയില്‍ തീയിടുകയായിരുന്നു. തീപടര്‍ന്നെങ്കിലും വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് തീകെടുത്തി. വീടിന്റെ ഗ്ലാസും വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറിന്റെ ഗ്ലാസും എറിഞ്ഞുതകര്‍ത്തു. വീട്ടുവരാന്തയിലുണ്ടായിരുന്ന കസേരകളും മറ്റു സാധനങ്ങളും കത്തിനശിച്ചു.
സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു. അക്രമം നടക്കുമ്പോള്‍ രാജനും കുടുംബവും വീട്ടിലുണ്ടായിരുന്നു. കൊല നടന്നപ്പോഴുണ്ടായ അക്രമങ്ങളല്ലാതെ ഇന്നലെ വരെ പെരിയയിലും കല്ല്യോട്ടും ശാന്തമായ അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. സി.പി.എം നേതാക്കള്‍ പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരുടെ വീട് സന്ദര്‍ശിച്ച് അക്രമത്തിന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ സംഭവമെന്നും ഹക്കീം കുന്നില്‍ ആരോപിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നും ഹക്കീം ആരോപിച്ചു. അതിനിടെ പെരിയ ഇരട്ടക്കാലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമനടപടികള്‍ തുടങ്ങി. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ക്വട്ടേഷന്‍ സംഘം നടത്തിയ കൊലയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: