പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.
കല്യോട് ജംഗ്ഷനില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കള്‍ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്യോട്ടെ സിപിഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.
ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ എത്തുമെന്ന് അറിഞ്ഞത് മുതല്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ കല്യോട് ജംഗ്ഷനിലെത്തിയതോടെ കുപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്.
ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ സ്ഥലം എംപി പി കരുണാകരന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്ഷിതാക്കാള്‍ ആരോപിച്ചിരുന്നു. ഒരു സിപിഎം പ്രവര്‍ത്തകരും തങ്ങളെ കാണാന്‍ വരേണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.