കാസര്‍കോട്: പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലും കൊലക്കേസ് പ്രതിയുടെ ആത്മഹത്യയും പാര്‍ട്ടി ഓഫീസ് ഉപരോധിച്ച് താഴിട്ട് പൂട്ടുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് കലുഷിതമായ കാസര്‍കോട് ബിജെപിയില്‍ പോര് മുറുകുന്നു. നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതില്‍ വരെ കാര്യങ്ങള്‍ എത്തി.
ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈയിടെ രാജിവെച്ച ജില്ലാ വൈസ് പ്രസിഡന്റ് പി രമേശിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇന്നലെ കാസര്‍കോട് പത്രസമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത് അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പി രമേശ് ഉന്നയിച്ചത്. കെ ശ്രീകാന്ത്, പി സുരേഷ് കുമാര്‍ ഷെട്ടി, മണികണ്ഠ റൈ തുടങ്ങിയ നേതാക്കളാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പെരിയ കേന്ദ്രസര്‍വകലാശാലയില്‍ കോഴ വാങ്ങി നടത്തിയ ചില നിയമനങ്ങള്‍ക്ക് ശ്രീകാന്ത് അടക്കമുള്ളവര്‍ ഒത്താശ നല്‍കിയെന്നും രമേശ് കുറ്റപ്പെടുത്തി.
കുറ്റിക്കോലിലെ തെക്കില്‍ ആലടി റോഡ് വികസന വുമായി ബന്ധപ്പെട്ട് ബിജെപിയുടെ സ്ഥലം കയ്യേറാന്‍ സിപിഎമ്മിന് അനുകൂല സാഹചര്യ മൊരുക്കിക്കൊടുത്തുവെന്നും രമേശ് ആരോപിച്ചു. കഴിഞ്ഞദിവസം ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ഉപരോധ സമരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പ്രതിഫലിപ്പിച്ചത്. ശ്രീകാന്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയെടുക്കാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്. സുരേന്ദ്രന്‍ ആരെയോ ഭയപ്പെടുകയാണ്.എല്‍ഡിഎഫുമായി ഒരുതരത്തിലുള്ള ധാരണയും വേണ്ടെന്നും കുമ്പള പഞ്ചായത്തില്‍ എല്‍ഡി എഫുമായി കൂട്ടുകെട്ടുണ്ടാക്കിയവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി രമേശ് വ്യക്തമാക്കി.
കുമ്പള പഞ്ചായത്തിലെ പ്രശ്‌നംകഴിഞ്ഞ ഫെബ്രുവരിയില്‍ കാസര്‍കോട്ടെത്തിയ കെ സുരേന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും അതുണ്ടായില്ല. സംസ്ഥാന പ്രസിഡന്റിനെ ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന് സംശയമുണ്ട്. സംസ്ഥാനകമ്മിറ്റിയില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന വാക്കു പാലിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായില്ല. കുമ്പളയിലെ ബലിദാന കുടുംബങ്ങളെ അപമാനിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അവിടുത്തെ പ്രവര്‍ത്തകര്‍ വാട്‌സ്ആപ് കൂട്ടായ്മയുണ്ടാക്കിയത്. ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് രമേശ് പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ വിനോദ്, ലൊകേഷ് നോണ്ട, നവിനാഷ്, കെ ശങ്കര്‍ എന്നിവരും പങ്കെടുത്തു. അതിനിടെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള ശബ്ദ സന്ദേശങ്ങള്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ പരക്കുകയാണ്.
ജില്ലാ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തവര്‍ക്കെതിരെയും വാതില്‍ ചങ്ങലയിട്ടു ഉപരോധിച്ച വര്‍ക്കെതിരെയും നടപടിയെടുക്കാതെ ജില്ലാ വൈസ് പ്രസിഡന്റ് പി രമേശിന്റെ രാജി സ്വീകരിച്ച് മറുവിഭാഗത്തെ തളയ്ക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കത്തില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. രമേശനാണ് പ്രവര്‍ത്തകരെ കുത്തി ഇളക്കുന്നതെന്നാണ് ഇവരുടെ വാദം. ബിജെപിക്ക് കടുത്ത അപമാനം ഉണ്ടാക്കിയതാണ് ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധം. വാതില്‍ ചങ്ങലയിട്ടു പൂട്ടി നേതാക്കള്‍ക്കെതിരെ ഭീഷണി മുഴക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് ഉപരോധിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ ഒരു നേതാവും മുന്നിട്ടിറങ്ങിയില്ല. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം മേഖലകളിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.
കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം മേഖലകള്‍ മംഗളൂരു ആര്‍എസ്എസിന് കീഴിലാണ്. പാര്‍ട്ടിക്കെ തിരെയുള്ള പരസ്യമായ നീക്കത്തിന് പിന്നില്‍ നേതാക്കളുടെ ഒത്താശയുണ്ടെന്നതിനാല്‍ ബിജെപിയിലെ പ്രശ്‌നം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമായേക്കും.