X

‘ഇതാണ് ഫാസിസം, തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍വ്വതിയല്ല’; കസബയുടെ നിര്‍മാതാവ്

മമ്മൂട്ടിയേയും മമ്മൂട്ടി ചിത്രം കസബയേയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവായ വ്യാസന്‍ കെപി രംഗത്തെത്തി. സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് ഏത് തരം ചിത്രമെടുക്കണമെന്ന് തീരുമാനിക്കുന്നത് ്, അല്ലാതെ പാര്‍വ്വതിയൊ,പാര്‍വ്വതിയുടെ സംഘടനയൊ അല്ല എന്ന് വ്യാസന്‍ കെപി. നടി ഫെമിനിസ്റ്റാണെങ്കിലും നടിയോ അവരുടെ സംഘടനയോ പറയുന്നതുപോലെ സിനിമയെടുക്കല്‍ നടക്കില്ലെന്നും വ്യാസന്‍ പറഞ്ഞു.

സെക്സി ദുര്‍ഗയ്ക്കും പത്മാവതിക്കും എതിരെ നടക്കുന്നതിന്റെ മറ്റൊരു രൂപമാണിത്. ഇതാണ് സ്ത്രീപക്ഷം എന്നുപറഞ്ഞ് നടക്കുന്ന ഫാസിസം. സ്ത്രീക്ക് എന്തുമാകാം എന്നാണോ എന്നും വ്യാസന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്ന് പറഞ്ഞാണ് പാര്‍വതി കസബയെ വിമര്‍ശിച്ചിരുന്നത്. ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് പാര്‍വതി പറഞ്ഞു. ഇത്രയും വലിയൊരു പൊസിഷനില്‍ ഇരിക്കുന്ന ഒരു നടന്‍ അങ്ങനെ പറയുമ്പോള്‍ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും ബഹുമാനം നിലനിര്‍ത്തി തന്നെയാണ് ഞാന്‍ പറയുന്നതെന്നും പാര്‍വതി തുറന്നടിച്ചിരുന്നു. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും പാര്‍വതി പറഞ്ഞു.

വ്യാസന്‍ കെ.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പാര്‍വ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത് പോലെ,അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണ മെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണു, കസബ എന്ന സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തും, നിര്‍മ്മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്,അല്ലാതെ പാര്‍വ്വതിയൊ,പാര്‍വ്വതിയുടെ സംഘടനയൊ അല്ല, സെക്‌സി ദുര്‍ഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത്, ഇതാണു ഫാസിസം,സ്ത്രീക്ക് എന്തുമാകാം എന്നാണൊ?കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല IFFK യുടെ വേദിയില്‍ നടന്ന ഈ പരാമര്‍ശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഓര്‍ത്താല്‍ നന്ന്.

chandrika: