തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) സംവരണ അട്ടിമറിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ.എ.എസ് സംവരണ അട്ടിമറിയെ ചോദ്യം ചെയ്ത് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭ സ്തംഭിച്ച സാഹചര്യത്തില്‍ അവതരിപ്പിക്കാനായില്ല. ഈ സാഹചര്യത്തിലാണ് സംവരണ അട്ടിമറി അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചത്.
കെ.എ.എസിലെ മൂന്ന് സ്ട്രീമുകളില്‍ ആദ്യത്തേതായ ഡയറക്ട് റിക്രൂട്ട്‌മെന്റിന് മാത്രമാണ് സംവരണം അനുവദിക്കുന്നത്. പ്രമോഷനും റിക്രൂട്ട്‌മെന്റും വഴിയുള്ള മറ്റ് രണ്ട് സ്ട്രീമുകളില്‍ സംവരണം അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ അറിയിച്ചിട്ടുള്ളതാണ്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ചോദ്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മറുപടിയായി നല്‍കിയത്. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ബാധകമല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ടെന്ന് പി.കെ ബഷീറിന്റെ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. ഇതിലെ സര്‍ക്കാറിന്റെ ഒത്തുകളി വ്യക്തമാണ്.
അതേസമയം മൂന്ന് സ്ട്രീമിലും സംവരണം നല്‍കാവുന്നതാണെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചുകൊണ്ട് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നു. എന്നാല്‍ നിയമസെക്രട്ടറിയുടെ ഉപദേശം തള്ളുകയും സംവരണം വേണ്ട എന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സ്വീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സ്വന്തം നിയമവകുപ്പിനെ വിശ്വാസത്തിലെടുക്കാതെയാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വ്യക്തിക്ക് രണ്ട് തവണ സംവരണാനുകൂല്യം ലഭിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെ.എ.എസ് മറ്റൊരു കേഡറാണ്. നേരിട്ടുള്ള നിയമനത്തിനും പ്രമോഷന്‍- ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനങ്ങള്‍ ലഭിക്കാനും പി.എസ്.സി നടത്തുന്ന ടെസ്റ്റിലും ഇന്റര്‍വ്യൂവിലും വിജയിക്കേണ്ടതുണ്ട്. നേരത്തെ സര്‍വീസില്‍ കയറിയ ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസിന്റെ തുടര്‍ച്ചയായി അല്ല കെ.എ.എസില്‍ പ്രവേശിക്കുന്നത്. വീണ്ടും പരീക്ഷയെഴുതി, അതില്‍ വിജയിച്ച് അഭിമുഖത്തില്‍ പങ്കെടുത്ത്, അതിലും വിജയിച്ചതിന് ശേഷമാണ് പുതിയ കേഡറില്‍ പ്രവേശിക്കുന്നത്. അപ്പോള്‍ സംവരണം ഉള്‍പെടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഇത് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കെ.എ.എസില്‍ കേവലം 33 ശതമാനം മാത്രമേ പുറത്തുനിന്നുള്ള ചെറുപ്പക്കാര്‍ വരികയുള്ളൂ. ഇതിനെയാണ് ഡയറക്ട് റിക്രൂട്ട്‌മെന്റ് എന്ന് പറയുന്നത്. ബാക്കി 66ല്‍ 33 ശതമാനവും നാല്‍പ്പത് വയസ് വരെയുള്ള ബിരുദധാരികളായ നോണ്‍ഗസറ്റഡ് ജീവനക്കാരില്‍ നിന്നും കെ.എ.എസ് പരീക്ഷ എഴുതി വരുന്നവര്‍. ശേഷിക്കുന്ന 33 ശതമാനം സെക്കന്റ് ഗ്രേഡ് ഗസറ്റഡ് റാങ്കിലുള്ള അമ്പത് വയസ്സുവരെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് ഇതേ ടെസ്റ്റ് എഴുതി വരുന്നവരുമാണ്. അതായത് കെ.എ.എസിലെ 66 ശതമാനം പേരും സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണ്. മിടുക്കരായ ചെറുപ്പക്കാരെ കൊണ്ടുവന്ന് ഭരണം നവീകരിക്കാനാണ് കെ.എ.എസ് കൊണ്ടുവരുന്നതെന്ന വാദം തന്നെ ഇവിടെ പൊളിയുകയാണ്. മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവായ സോമപ്രസാദ് എം.പി നല്‍കിയ നിവേദനം പോലും മുഖ്യമന്ത്രി തള്ളുകയാണുണ്ടായത്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ സ്‌പെഷ്യല്‍ റൂള്‍സില്‍ സ്ട്രീം ഒന്നിലും രണ്ടിലും സംവരണം പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒന്നിനെയും രണ്ടിനെയും ഡയറക്ട് റിക്രൂട്ട്‌മെന്റ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവരണം വേണ്ടെന്ന് വെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.എസ് സംവരണ അട്ടിമറി: സര്‍ക്കാര്‍ സംവരണ നയം വ്യക്തമാക്കണം: ടി.എ അഹമ്മദ് കബീര്‍
Tags: resrevation