തിരുവനന്തപുരം: മുസ്ലിംലീഗും പോഷക സംഘടനകളും നടത്തിയ പോരാട്ടം ഫലം കണ്ടു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ എല്ലാ സ്ട്രീമിലും സംവരണമുണ്ടാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയെന്നും മന്ത്രി പറഞ്ഞു.
സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനവും നല്‍കി. നിയമസഭയില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ സംവരണ അട്ടിമറിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. തുടക്കത്തില്‍ അട്ടിമറി അംഗീകരിക്കാതെ ധാര്‍ഷ്ട്യം കാണിച്ച സര്‍ക്കാറിന് പിന്നോക്ക സംഘടനകളുടെ എതിര്‍പ്പ് ശക്തമായതോടെ നിലപാട് മാറ്റേണ്ടി വരികയായിരുന്നു. ഒന്നാം സ്ട്രീമില്‍ മാത്രം സംവരണം മതിയെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്.