തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നും അല്ലാത്തപക്ഷം അത് ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളോട് കാട്ടുന്ന ചതിയാകുമെന്നും ആദ്യമായി തുറന്നുപറഞ്ഞത് ‘ചന്ദ്രിക’യായിരുന്നു-
2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ ചന്ദ്രിക ഈ വിഷയം പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗ തസ്തികയില്‍ ഒരു സ്ട്രീമിനു മാത്രം സംവരണം അനുവദിക്കുകയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളില്‍ സംവരണം നിഷേധിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ചന്ദ്രിക ശബ്ദിച്ചതോടെയാണ് വലിയൊരു അപകടം ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതായി സംവരണ സമുദായങ്ങള്‍ക്കു പോലും ബോധ്യമായത്. 2017 ഒക്‌ടോബര്‍ 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കം.
കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്‍ രൂപീകരിക്കാനായിരുന്നു തീരുമാനം.
പ്രാഥമിക രൂപം നല്‍കിയ പി.എസ്. സി, 2017 നവംബര്‍ മൂന്നിന് സര്‍ക്കാരിനോട് വ്യക്തത തേടി കത്ത് നല്‍കി. ആദ്യ സ്ട്രീമില്‍ മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്‍കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ചന്ദ്രിക വാര്‍ത്തക്ക് പിന്നാലെ അന്നത്തെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം. എം ഹസന്‍, എസ്.ഇ.യു, എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചന്ദ്രിക പ്രസിദ്ധീകരിച്ചു. തുടര്‍ച്ചയായി 70 ഓളം റിപ്പോര്‍ട്ടുകള്‍ ചന്ദ്രികയിലൂടെ പുറത്തുവന്നു.