കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) വിജ്ഞാപനം അടുത്തമാസം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. ഈ വര്‍ഷം പ്രായപരിധി അവസാനിക്കുന്നവര്‍ക്കുകൂടി അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതിനാണു ഡിസംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. യോഗ്യത അംഗീകൃത സര്‍വകലാശാല ബിരുദം. പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷ, വിവരാണാത്മക മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മൂന്നു സ്ട്രീമുകളായാണ് കെ.എ.എസ് നിയമനരീതി. പൊതുവിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നു നേരിട്ടുള്ള നിയമനത്തിനു പുറമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തസ്തികമാറ്റം വഴിയും അപേക്ഷ നല്‍കാം. ഇതില്‍തന്നെ ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും, മറ്റുള്ളവര്‍ക്കും രണ്ട് വ്യത്യസ്ത സ്ട്രീമുകളുണ്ട്.
നേരിട്ടുള്ള നിയമനത്തിന്റെ പ്രായപരിധി 21-–32. മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കു മൂന്നും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. സ്ട്രീം രണ്ടിന്റെ (വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സ്ഥിര ജീവനക്കാരന്‍ അല്ലെങ്കില്‍ അപ്രൂവ്ഡ് പ്രൊബേഷനര്‍) പ്രായപരിധി 21-40. സ്ട്രീം മൂന്നിന്റെ (ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും) പ്രായപരിധി 50 വയസ്.
29 സര്‍ക്കാര്‍ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെയും മറ്റു വകുപ്പുകളിലെ സമാനതസ്തികകളുടെയും പത്തു ശതമാനം ഒഴിവുകളിലേക്കാണു കെ.എ.എസ് വഴി നിയമനം നടത്തുക. പരീക്ഷയുടെ സിലബസ്, ഘടന എന്നിവ സര്‍ക്കാരുമായി കൂടിയാലോചിച്ചു പി.എസ്.സി നിശ്ചയിക്കും. നേരത്തേ പി.എസ്.സിയുമായി കൂടിയാലോചിച്ചു പൊതുഭരണ വകുപ്പ് തീരുമാനിക്കും എന്നാണു വ്യക്തമാക്കിയിരുന്നത്. ഇതിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണു പിഎസ്‌സിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. തസ്തികമാറ്റം വഴിയുള്ള നിയമനത്തിനു സംവരണം ബാധകമാക്കില്ല. ഈ വിഭാഗത്തില്‍ അപേക്ഷ നല്‍കുന്നവര്‍ക്കും സംവരണം ബാധകമാക്കണമെന്നു ചൂണ്ടിക്കാട്ടി വിവിധ സംവരണ വിഭാഗങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിയമനം നേടിയത് സംവരണാടിസ്ഥാനത്തിലായതിനാല്‍ തസ്തികമാറ്റ നിയമനത്തിനും സംവരണം നല്‍കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ തീരുമാനം. സിലബസ്, സംവരണം എന്നിവ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് കെ.എ.എസ് വിജ്ഞാപനം മാസങ്ങളോളം വൈകിയത്.