കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും എന്നാൽ ഇത്തരം വിവാദങ്ങൾ സഹകരണ മേഖലയെ ബാധിക്കാൻ പാടില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും. സഹകരണ മേഖല എല്ലാവർക്കുമുള്ളതാണ്. ഏത് പാർട്ടിയുടെ സൊസൈറ്റിയാണെങ്കിലും സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. സഹകരണ മേഖല സംരക്ഷിക്കപ്പെടണം.-അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.