X

കരുവന്നൂര്‍ തട്ടിപ്പ്: പ്രതിരോധ വഴികള്‍ അടഞ്ഞു, സി.പി.എം പ്രതിസന്ധിയില്‍

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന്റെ പ്രതിരോധ വഴികളെല്ലാം അടഞ്ഞതോടെ പാര്‍ട്ടി നേരിടുന്നത് വന്‍ പ്രതിസന്ധി. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ.സി മൊയ്തീന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് ഇ.ഡി അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് കൂടുതല്‍ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കി കേസിലെ മുഖ്യസാക്ഷി കെ.എ ജിജോര്‍ രംഗത്തെത്തിയത്.

നേരത്തെ മൊയ്തീനെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ നിശബ്ദരാണ്. മുന്‍പും സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സി.പി.എം സംസ്ഥാന സമിതി അംഗമായ നേതാവ് മുഖ്യപ്രതിയായി മാറിയതോടെ കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. ന്യായീകരിക്കാനുള്ള സാധ്യതകളെല്ലാം മങ്ങിയതോടെ ഇനി നിയമപരമായി നേരിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.

തട്ടിപ്പിലെ സി.പി.എം ബന്ധം പുറത്തുവന്നതോടെ മൊയ്തീന്‍ മാത്രമല്ല, പാര്‍ട്ടിയൊന്നാകെ പ്രതിസ്ഥാനത്താണ്. കൊള്ളപ്പലിശക്കാരന്‍ പി.സതീഷ്‌കുമാറിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് എ.സി.മൊയ്തീനാണെന്ന് ജിജോര്‍ പറയുമ്പോഴും സി.പി.എം നേതാവ് സി.കെ.ചന്ദ്രനും സതീഷ്‌കുമാറും തമ്മിലുള്ള ബന്ധം കൂടി വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയും വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍.അരവിന്ദാക്ഷനുമായി സതീഷ്‌കുമാര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ജിജോര്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇരുപതു കോടിയുടെ കള്ളപ്പണം സതീഷ്‌കുമാര്‍ വെളുപ്പിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്.

സമീപകാലത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രതിസന്ധി അനുഭവിക്കുന്നതിനിടെയാണ് മൊയ്തീന്‍ അടക്കമുള്ള നേതാക്കള്‍ സി.പി.എമ്മിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ ആരോപണങ്ങള്‍ മുതല്‍ പുതുപ്പള്ളിയിലുണ്ടായ ദയനീയ പരാജയം വരെ സി.പി.എമ്മിനെ അടിമുടി പതര്‍ച്ചയിലേക്ക് തള്ളിയിട്ട ഘട്ടത്തിലാണ് കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടി തലയില്‍ മുണ്ടിടേണ്ടിവരുന്നത്. ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിര്‍ണായക ഇടപാടുകളെക്കുറിച്ച് മൊയ്തീന്‍ ഉള്‍പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും നിരവധി ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ കൂടി പുറത്തുവരുന്നു.2014 മുതല്‍ കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുവെന്ന് എ.സി. മൊയ്തീന് അറിയാമായിരുന്നത്രേ. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന് ഉത്തരംമുട്ടുന്ന നടപടികളിലേക്കാകും വരുംദിനങ്ങളില്‍ ഇ.ഡി കടക്കുക.

അതേസമയം കൊച്ചി കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം വട്ട ചോദ്യം ചെയ്യലില്‍ മുന്‍മന്ത്രി എ.സി മൊയ്തീന്‍ ഇ ഡിക്ക് മുമ്പില്‍ വെള്ളം കുടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, മുഖ്യ സാക്ഷി ജിജോര്‍ അടക്കമുള്ളവരെ ദിവസങ്ങളായി ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച അധിക വിവരങ്ങളുടേയും നിര്‍ണായകമായ മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് രണ്ടാം വട്ട ചോദ്യം ചെയ്യല്‍ നടക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എസി മൊയ്തീനെതിരെ മുഖ്യസാക്ഷി ജിജോര്‍ കെഎ.ഗുരുതര ആരോപണമാണ് ഇ.ഡിക്ക് മുമ്പില്‍ ഉന്നയിച്ചിരിക്കുന്നത്. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന്‍ മൂന്നു കോടി രൂപ വാങ്ങിയെന്നാണ് ജിജോറിന്റെ മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടമായിരുന്നു കരുവന്നൂര്‍ ബാങ്ക് എന്നും ജിജോര്‍ പറഞ്ഞു.നിര്‍ണായകമായ ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുന്നത്.2014 മുതല്‍ കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുവെന്ന് എ.സി. മൊയ്തീന് അറിയാമായിരുന്നെന്ന്് ജിജോര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട വഴിയാണ് സതീഷ് മൊയ്തീനുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീടുള്ള ഇടപാടുകള്‍ മൊയ്തീനും സതീഷുമുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തി. റിട്ട.ഡിവൈ.എസ്.പിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും ജിജോര്‍ പറയുന്നുജിജോറിന്റെ ആരോപണത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മറ്റു തെളിവുകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എസി മൊയ്തീന് കഴിയില്ലെന്നിരിക്കെ കടുത്ത നടപടിയിലേക്ക് കടക്കാന്‍ ഇ ഡി ഉറപ്പിച്ചതായാണറിയുന്നത്.ബിനാമി സതീഷ് കുമാറും പി പി കിരണും ജിജോറും കൗണ്‍സിലര്‍മാര്‍ അടക്കം സംശയനിഴലിലുള്ളവര്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യല്‍ സമയത്ത്് ഒപ്പമുണ്ടാകുമെന്നതിനാല്‍ എസി മൊയ്തീന് കുരുക്ക് മുറുകുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇത്തവണ ചോദ്യം ചെയ്യലിനെത്തുന്നതിന് മുമ്പ് എ സി മൊയ്തീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ല.

 

webdesk11: