X

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീന്‍ മുഖ്യപ്രതിയാകുമെന്നു സൂചന

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന്‍ എം.എല്‍.എ മുഖ്യപ്രതിയാകുമെന്നു സൂചന. ഈ മാസം 31ന് എ.സി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മൊയ്തീന്‍ പ്രധാന പ്രതിപ്പട്ടികയിലേക്കാണെന്ന സൂചനകള്‍ ഇ.ഡിവൃത്തങ്ങള്‍ നല്‍കുന്നത്.

കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എസി മൊയ്തീന്് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉേദ്യാഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും വിപുലമായ ചോദ്യം ചെയ്യല്‍ നടക്കുക. എ.സി മൊയ്തീന്റെയും ബിനാമികള്‍ എന്ന നിലയില്‍ ഇ.ഡി കണ്ടെത്തിയ മറ്റ് നാലോളം പേരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെയും ടെലിഫോണ്‍ സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വ്യക്തമായ തെളിവുണ്ടെന്ന നിലപാടില്‍ അന്വേഷണഏജന്‍സി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ തെളിവുകള്‍ മുമ്പില്‍വെച്ചായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. എ.സി മൊയ്തീന് കുരുക്കാവുന്ന നിരവധി വാട്‌സ്ആപ്പ് ചാറ്റുകളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ മൊയ്തീന് ബന്ധമുണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണ് ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളുമെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമികള്‍ എന്ന നിലയില്‍ സതീഷ് കുമാര്‍, അനില്‍, പി പി കിരണ്‍,സി എം റഹീം എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഇവരെയും വിളിപ്പിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ നിര്‍ണായകമായ മറ്റു കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ചോദ്യം ചെയ്തതിന് സമാനമായ രീതിയില്‍ ദിവസങ്ങള്‍ നീളുന്ന ചോദ്യം ചെയ്യലിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇഡി തയ്യാറാക്കിയ ചോദ്യാവലി കേന്ദ്രീകരിച്ചായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. എ.സി മൊയ്തീന്റെ അറസ്റ്റും പ്രതി പട്ടികയില്‍ ഉള്‍പ്പെടുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരും സിപിഎമ്മും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടയാണ് ശക്തമായ നടപടികളുമായി ഇ.ഡി മുന്നോട്ടുപോകുന്നത്.

ബാങ്കിന്റെ മുന്‍ മാനേജര്‍ ബിജു കരീമുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍വിളികളമാണ് സാമ്പത്തിക ഇടപാടുകളില്‍ എ.സി മൊയ്തീന്റെ പങ്ക് വ്യക്തമാക്കുന്ന പ്രധാന തെളിവുകള്‍. എ.സി മൊയ്തീന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത സി.പി.എം, മൊയ്തീന്‍ അടക്കമുള്ള സിപിഎം നേതാക്കളെ ഇ.ഡിവേട്ടയാടുന്നുവെന്ന പതിവ് പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍ റെയ്ഡുമായി ബന്ധപ്പെട്ട ലഭിച്ച തെളിവുകളുടെ സൂചന നല്‍കി ഇ ഡി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയതോടെ സിപിഎമ്മിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.

എ.സി മൊയ്തീന്റെയും ബിനാമകള്‍ എന്ന് കരുതുന്നവരുടെയും വീട്ടില്‍ റെയ്ഡ് നടത്തുകയും ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതിനുശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരുടെ 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുക്കളും ഇഡി പിടിച്ചെടുത്തിരുന്നു. എസി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമാണ് നിരവധി വായ്പകള്‍ നല്‍കിയതെന്നതിന് വ്യക്തമായ തെളിവുകളാണ് ഇഡിക്ക് ലഭിച്ചിട്ടുള്ളത്.

സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് തന്നെ ബാങ്കുമായി ബന്ധപ്പെട്ട് എ.സി മൊയ്തീനെതിരെ ഉയര്‍ന്ന പരാതികളും ഇഡി പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അന്ന് അതില്‍ നടപടി എടുക്കാതിരുന്നതെന്നും വ്യക്തമായി. മന്ത്രിയായിരുന്ന കാലത്ത് ബാങ്കുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ നടത്തിയ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ട്. ബാങ്കിലെ യോഗങ്ങള്‍ക്ക് രണ്ടു തരം മിനുട്ട്‌സ് സൂക്ഷിക്കുന്ന നടപടി ഉണ്ടായിരുന്നെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട് ഔേദ്യാഗിക രേഖകള്‍ക്കൊപ്പം സൂക്ഷിക്കാന്‍ ഒരു മിനുട്ട്‌സും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് മാത്രം ലഭിക്കുന്ന മറ്റൊരു മിനുട്ട്‌സുമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ മിനുട്ട്‌സ് അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇതിലാണ് ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമികള്‍ക്ക് നല്‍കിയ വായ്പകളുടെയും അവരുടെ നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ ഉള്ളതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ 31ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ലഭിക്കുമെന്നും ഇ ഡി കരുതുന്നു.

40 വര്‍ഷത്തിലേറെയായി സിപിഎം ഭരിക്കുന്ന ബാങ്കാണ് കരുവന്നൂര്‍ സഹകരണ ബാങ്ക്. 2010 മുതല്‍ ബാങ്ക് കേന്ദ്രീകരിച്ച് വന്‍ വെട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. 150 കോടി രൂപയുടെ ബിനാമി തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്ന് ഇ ഡി വെളിപ്പെടുത്തുന്നു. ബാങ്കിലെ വായ്പാതട്ടിപ്പുകള്‍ മാത്രമാണ് ഇതെന്നും മറ്റു അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത് അടക്കമുള്ള നിക്ഷേപ തട്ടിപ്പുകള്‍ കൂടി പരിഗണിച്ചാല്‍ ഇരട്ടിയോളം തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നുമാണ് ഇ.ഡിയുടെ വിലയിരുത്തല്‍.

webdesk11: