X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌: മുഖ്യപ്രതി സതീഷ് കുമാറിന്‍റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ രജിസ്റ്റർ ചെയ്ത കേസിലെ വിചാരണ വേ​ഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണ വൈകുകയാണെങ്കിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, ഗൗരവ് അഗർവാൾ എന്നിവർ സതീഷിന് വേണ്ടി ഹാജരായി. ജാമ്യം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി അം​ഗീകരിച്ചു.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സതീഷ് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ പങ്കില്ലെന്ന് വ്യക്തമാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് അന്ന് ജാമ്യഹർജി തള്ളിയത്. സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാറെന്നാണ് ഇ.ഡി.യുടെ വാദം. എന്നാൽ, ഈ ആരോപണങ്ങൾക്ക് തെളിവുകളുടെ പിൻബലമില്ലെന്നാണ് സതീഷ് കുമാർ പറയുന്നത്.

webdesk13: