കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ടി.ആർ രാജനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രാജന്‍. ബാങ്കിലെ കൂടുതൽ രേഖകൾ ഹാജരാക്കാന്‍ നിർദേശമുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളായ പി.ആർ അരവിന്ദാക്ഷനും സതീഷ് കുമാറും ബാങ്ക് വഴി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യൽ. അതിനിടെ, വടക്കാഞ്ചേരി നഗരസഭയിലെ സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.
ഒന്നാംപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ വിദേശയാത്രകൾ, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താൻ വീണ്ടും ചോദ്യംചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് ഇ.ഡി.